Saturday, July 1, 2017

പുരാവൃത്തങ്ങളില്‍ ഒരു ദേശത്തിന്റെ വായന

ജീവിതത്തിലെ അനുവദിക്കപ്പെട്ട ആയുസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ അഞ്ചര പതിറ്റാണ്ടുകള്‍! ദശീര്‍ഘമായ ഒരു പകലിന്‍റെ അവസാനത്തില്‍ പതുങ്ങിയെത്തുന്ന സന്ധ്യയുടെ മങ്ങിയ നിഴലിലേക്ക് ചാരിയിരുന്ന് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സില്‍ ഓര്‍മകളുടെ സാഗരം അലയടിക്കുന്നു.

പിന്‍ നടന്നു പോയത് അങ്ങനെയൊരു കാലം!
ഓര്‍മ്മകളുടെയും, അനുഭവങ്ങളുടെയും അടരുകള്‍ വേര്‍തിരിക്കുമ്പോള്‍ കേള്‍ക്കുന്നുണ്ട് , കാലമാപിനിയില്‍ നിന്നുള്ള മണിയൊച്ചകള്‍ ഒരര്‍ത്ഥത്തില്‍ ആ മണിയടികള്‍ സ്വന്തം ഹൃദയമിടിപ്പുകള്‍ തന്നെയാണ്.

തോരാതെ പെയ്യുന്ന ഇടവപ്പാതി രാത്രിയുടെ ഏതോ യാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയിലെ മുനിഞ്ഞു കത്തുന്ന പാനീസ് വിളക്കിന്‍റെ മങ്ങിയ വെളിച്ചത്തിലേക്ക് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കണ്‍മിഴിച്ച ആ നിമിഷം മുതല്‍ ഇതെഴുതുന്ന കാലം വരേക്കും ഒരു ഷോര്‍ട്ട്‌ ബ്രേക്ക്  പോലും എടുക്കാതെ നിരന്തരം സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ഹൃദയമേ, നന്ദി!.

ജീവിതയാത്രയില്‍ പിന്നിട്ടുപോയ ഭൂതകാലത്തെ കുറിച്ചും ആ കാലത്തിന്‍റെ കൈവഴികളിലൂടെ അഭിമുഖീകരിച്ച അനുഭവങ്ങളുടെ വഴിയടയാളങ്ങളെക്കുറിച്ചും എഴുതാന്‍ തുടങ്ങുബോള്‍ ഓര്‍മ്മകള്‍ ചെന്നെത്തുന്നത് 1960 കളുടെ അവസാനത്തിലേക്കാണ്.

പ്രകൃതിയുടെ ജൈവികമായ താളക്രമങ്ങളില്‍ മാറിമാറിയെത്തുന്ന ഋതുഭേദങ്ങളില്‍ ഒരു ദേശത്തിന്‍റെ പൗരാണികമായ ചിത്രങ്ങളെ പൊടിതട്ടിയെടുക്കുകയെന്നത് അല്‍പം ക്ലേശകരമാണെങ്കിലും ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ കാലവും, ദേശവും മാപ്പു തരില്ലെന്ന് തിരിച്ചറിയുന്നു.

അരനൂറ്റാണ്ടിന്നപ്പുറമുള്ള തിരുനെല്ലൂര്‍ എന്ന തീരദേശഗ്രാമത്തിന്‍റെ നിഷ്കളങ്കമായ ഒരു മുഖം മങ്ങലേല്‍ക്കാതെ ഇന്നും ഉള്ളിലുണ്ട്. ദാരിദ്രത്തിന്‍റെയും, അര്‍ദ്ധപട്ടിണിയുടെയും ഇല്ലായ്മകളുടെയും ഭാരം ചുമന്ന് ജാതി മത വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി യഥാര്‍ത്ഥ മനുഷ്യരായി ജീവിച്ചിരുന്നവര്‍ പരസ്പര സ്നേഹവും സാഹോദര്യവും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നവര്‍. ബന്ധങ്ങളുടെ ഇഴയടുപ്പം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചവര്‍ നമ്മുടെ പൂര്‍വ്വ സൂരികള്‍ അവര്‍ക്കൊപ്പം ജീവിക്കാന്‍ സാധിച്ചു എന്നത് വലിയ സൗഭാഗ്യമാണ്. ജീവിതത്തില്‍ നിന്നും മടങ്ങിപ്പോയ ആ കാരണവന്മാരുടെ അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ അദ്ധ്യാപകരുടേയും അനുഗ്രഹങ്ങള്‍ തന്നെയാണ് ഇതെല്ലാം അടയാളപ്പെടുത്താന്‍ പ്രേരകമായത്.

കേരളത്തിലെ മറ്റേതൊരു സാധാരണ ഗ്രാമത്തെയും പോലെ ദാരിദ്രത്തിന്‍റെ ഒരു മുഖം തിരുനെല്ലൂരിനും ഉണ്ടായിരുന്നു.

മഴക്കാല സന്ധ്യകളില്‍ മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുബോള്‍ കഞ്ഞിക്ക് വകകണ്ടെത്താനാകാതെ നെഞ്ചുരുകിയിരിക്കുന്ന നിസ്സഹായരായ എത്രയെത്ര മുഖങ്ങള്‍.

തന്നേക്കാള്‍ സാമ്പത്തികമായി അല്‍പം ഭേദപ്പെട്ട അയല്‍പ്പക്കത്തു നിന്നും അഞ്ചോ ആറോ പിടി അരി കടമായി വാങ്ങി ഉടുതുണിയുടെ കോന്തലയില്‍ കെട്ടി ഭദ്രമായി ചേര്‍ത്തു പിടിച്ച് ചാറ്റല്‍ മഴ നനഞ്ഞ് ഇരുട്ടിലൂടെ ധൃതിയില്‍ പുരയിലേക്ക് നടന്നകലുന്ന ഒരമ്മ. അടുത്ത വീട്ടില്‍ നിന്നും ഉണങ്ങിയ ചകിരിയില്‍ മൂന്നോ, നാലോ തീക്കനല്‍ കോരിയിട്ട് ഊതിയൂതി തീപടര്‍ത്തി തന്‍റെ പുരയിലെ അടുപ്പ് ലക്ഷ്യമാക്കി പോകുന്ന മറ്റൊരു വീട്ടമ്മ. പാകപ്പെടുത്തിയ ആഹാരത്തില്‍ നീക്കിയിരിപ്പുണ്ടെങ്കില്‍ പരസ്പരം കൈമാറുന്ന ഊഷ്മളമായ അയല്‍പക്ക ബന്ധങ്ങള്‍. സന്ധ്യാമയക്കത്തില്‍ കളിമണ്ണ് മെഴുകിയ കോലായില്‍ വിരിച്ചിട്ട പുല്‍പ്പായയില്‍ റാന്തലിന്‍റെയും, പാനീസിന്‍റെയും, പാട്ടവിളക്കിന്‍റേയുമെല്ലാം ഇത്തിരിവെട്ടത്തിലിരുന്ന് ദിക്കറും, സ്വലാത്തും നാമജപവുമെല്ലാം നീട്ടിനീട്ടി ചൊല്ലിയിരുന്ന കുട്ടികളുടെ താളാത്മകമായ ഒച്ചകള്‍. മതില്‍കെട്ടുകളില്ലാത്ത അയല്‍പ്പക്കങ്ങളിലെ അതിര്‍ത്തികള്‍ ഏതൊരു വീട്ടുകാരുടെ മുറ്റത്തു കൂടിയും ഏത് പാതി രാത്രിയിലും അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ നടന്നു പോകാന്‍ അനുവദിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യം. സംശയക്കണ്ണുകളില്ല, ചോദ്യങ്ങളില്ല, ഒളിഞ്ഞുനോട്ടങ്ങളില്ല, സംശുദ്ധമായിരുന്നു മനസ്സുകള്‍. രാത്രിയേറെ വൈകും മുമ്പ് ഉള്ളത് കഴിച്ച് വിനോദങ്ങള്‍ക്കൊന്നും അവസരങ്ങളില്ലാതെ മണ്ണെണ്ണ വിളക്കുകള്‍ ഊതിക്കെടുത്തി ഉറക്കത്തിലേക്ക് പടിയിറങ്ങുന്ന ഗ്രാമം.

നാട്ടില്‍ ബഹുഭൂരിപക്ഷവും ഓലപ്പുരകളായിരുന്നല്ലോ ഉറക്കത്തിനായി കാത്തുകിടക്കുമ്പോള്‍ മേലോട്ടു നോക്കിയാല്‍ ചിതല്‍തിന്ന ഓലപ്പഴുതുകളിലൂടെ ആകാശം കാണാം. ചന്ദ്രനെയും, നക്ഷത്രങ്ങളേയും കാണാം. രാത്രിയില്‍ സഞ്ചരിക്കുന്ന കിളികളുടെ ചിറകടിയൊച്ചകള്‍ കേള്‍ക്കാം. നാലോ, അഞ്ചോ വീടുകള്‍പ്പുറത്ത് ഒരു കുഞ്ഞ് കരഞ്ഞാല്‍ പോലും വ്യക്തമായി കേള്‍ക്കാം. രാത്രികളുടെ നിശബ്ദതയ്ക്ക് സമാനതകള്‍ ഇല്ലായിരുന്നു.

മണ്ണിഷ്ടിക കൊണ്ടും ചവിട്ടിക്കുഴച്ച് പാകപ്പെടുത്തിയ കളിമണ്ണ് വാരിപ്പൊത്തിയും കെട്ടിപ്പൊക്കിയ നാല് ചുമരുകളുടെയും അതിനു മുകളില്‍ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയില്‍ മേഞ്ഞ ഓലകളുടേയും പരിമിതമായ ആ സുരക്ഷിതത്വം പില്‍ക്കാല ജീവിതത്തില്‍ മറ്റെങ്ങു നിന്നും ലഭിച്ചിട്ടില്ല.

കൊള്ളിയും, കൂര്‍ക്കയും, ചേമ്പും, കാവത്തും, ചീരയും, പയറുമൊക്കെ ഓരോ വീട്ടതിര്‍ത്തികളിലും അടുക്കളമുറ്റങ്ങളിലും കൃഷി ചെയ്തിരുന്നു. പോഷകഗുണമുള്ള കറുമൂസ് (പപ്പായ) മിക്കവാറും വീട്ടുമുറ്റങ്ങളില്‍ കാവല്‍ നിന്നിരുന്നു. അത് ഓരോ വീട്ടമ്മമാരുടേയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. അതൊരു കാര്‍ഷിക സംസ്കാരം കൂടിയായിരുന്നു. വളങ്ങള്‍  ആവശ്യമുണ്ടായിരുന്നില്ല. ഏത് മണ്ണും വളക്കൂറുള്ളതായിരുന്നു. അതുകൊണ്ടാണ് മഴക്കാലങ്ങളില്‍ മുറ്റത്തും, പറമ്പിലും നടക്കുന്നവരുടെ കാല്‍ വിരലുകള്‍ക്കിടയില്‍ പൂപ്പല്‍(വളംകടി) ഉണ്ടായിരുന്നത്.

ആര്‍ഭാടങ്ങള്‍ സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലം. ഭൂമിയോളം താഴ്ന്ന ലാളിത്യത്തിന്‍റെ ഊഷ്മളമായ കാലം. റേഡിയോ അപൂര്‍വ്വ വസ്തുവായിരുന്നല്ലോ. റാലി, ഹെര്‍ക്കുലീസ് പോലുള്ള സൈക്കിള്‍ സ്വന്തമായുണ്ടാവുക എന്നത് അക്കാലത്തെ യുവാക്കളുടേയും, കൗമാരക്കാരുടേയും വലിയ സ്വപ്നങ്ങളായിരുന്നല്ലോ. രണ്ടില്‍ കൂടുതല്‍ ട്രൗസറും കുപ്പായങ്ങളും പാവാടയുമെല്ലാം ഇല്ലാത്തവരായിരുന്നല്ലോ വിദ്യാര്‍ത്ഥികള്‍. കല്ല്യാണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ഓണം, പെരുന്നാള്‍, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ചായിരുന്നല്ലോ സുഭിക്ഷമായി ആഹാരം കഴിക്കാന്‍ സാധിച്ചിരുന്നത്.

പാടത്തെ പീടികയെന്ന ഗ്രാമഹൃദയം നിരപ്പലകയിട്ട ലാസറേട്ടന്‍റെയും, വര്‍ക്കിച്ചേട്ടന്‍റെയും പലചരക്ക് പീടികകള്‍. ഹലീമത്താടെയും, അപ്പുക്കുട്ടന്‍റെയും ചായക്കടകള്‍. സെയ്തുക്കാടെ മുട്ടായിപ്പീടിക നിരത്തിവച്ച ചില്ലു ഭരണിയിലിരുന്ന് ചിരിച്ച് കൊതിപ്പിച്ചിരുന്ന നാരങ്ങസത്ത്, കമറ്കട്ട്, കപ്പലണ്ടിമുട്ടായി, കാരക്കമുട്ടായി, എള്ള്മുട്ടായി, കൂട്ടത്തില്‍ സിസേഷ്സിന്‍റെയും പാസ്സിങ്ങ്ഷോ, സിഗററ്റിന്‍റെയും പായ്ക്കറ്റുകളുടെ വശ്യമായ ആകര്‍ഷണീയത. അതില്‍ നിന്നൊരെണ്ണം ചുണ്ടില്‍ വച്ച് കത്തിച്ച് പുകയൂതിവിടാനുള്ള ആഗ്രഹങ്ങള്‍. ലക്ഷ്മണന്‍റെ അച്ഛനമ്മമാരുടെ (കോയപ്പന്‍, നാരായണി) പച്ചക്കറികള്‍. സിമന്‍റ് തേപ്പുകള്‍ അടര്‍ന്നു പോയ പീടികക്കോലായയിലാണ് കൊള്ളിയും, ചേനയും, മത്തങ്ങയും, തക്കാളിയും, കോല്‍പ്പുളിയുമൊക്കെ നിരത്തിയിട്ടിരുന്നത്. സി.പി. യുടെ സ്റ്റേഷനറിക്കട അല്‍പം വിപുലമായിരുന്നു. പൗഡറും, കണ്‍മഷിയും, കണ്ണാടിയും, ടൂത്ത്പേസ്റ്റും, ബ്രഷും, നോട്ടുപുസ്തകവും, പേനയും, പെന്‍സിലും തുടങ്ങിയ സാധനങ്ങള്‍ക്ക് തോമസിന്‍റെ സ്റ്റേഷനറിക്കടയെ തന്നെ ആശ്രയിക്കണമായിരുന്നു.

ഈയ്യിടെ തോമസുമായി സംസാരിക്കുന്നതിനിടെ പഴയകാലം ഓര്‍മ്മി ച്ചുകൊണ്ടദ്ദേഹം പറഞ്ഞു. പാടത്തെ പീടികയില്‍ ഞാന്‍ കച്ചവടം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്ന് തീര്‍ച്ചയായും രേഖപ്പെടുത്തേണ്ട ചരിത്രത്തിന്‍റെ ഭാഗമാണ് തോമസ്. അദ്ദേഹത്തിന്‍റെ കണ്‍മുന്നിലൂടെ രണ്ട്മൂന്ന് തലമുറകള്‍ കടന്നുപോയിരിക്കുന്നു. പാടത്തെ പീടികയുടെ സാന്നിദ്ധ്യമായി ഇന്നും കച്ചവടരംഗത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്നു അദ്ദേഹം.

പാടത്തെ പീടികയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലെ ഓരോ അടുക്കളയിലും, അടുപ്പുകളില്‍ തീ പുകഞ്ഞിരുന്നത്.

എഴുപതുകളില്‍ ചങ്ങാതിക്കുറികള്‍ സജീവമായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാക്കുബോള്‍ ചങ്ങാതിക്കുറി നടത്താനുദ്ദേശിക്കുന്ന സ്ഥലവും ദിവസവും സമയവും പരിചയക്കാരെയും മറ്റ് വേണ്ടപ്പെട്ടവരേയും അറിയിക്കും. അന്നേ ദിവസം ഓരോരുത്തരായി വരും. പ്രത്യേകം തയ്യാറാക്കിയ ചായയും പലഹാരവും കഴിക്കും. തിരിച്ചു പോകുന്നതിനു മുമ്പ് അഞ്ചോ പത്തോ രൂപ സഹായധനമായി ഏല്‍പ്പിക്കും (പണം സ്വീകരിക്കാന്‍ ചങ്ങാതിക്കുറി നടത്തുന്ന ആള്‍ നിയോഗിച്ച വ്യക്തി നോട്ടുപുസ്തകവും പേനയുമായി തയ്യാറായി ഇരിപ്പുണ്ടാകും) ഹലീമത്താടെ ചായക്കടയിലാണ് മിക്കവാറും ചങ്ങാതിക്കുറികള്‍ നടന്നിരുന്നത്.

ഗ്രാമത്തിന്‍റെ ചാലക ശക്തിയായിരുന്നു തപാലാപ്പീസ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പത്തുമണിയാകുമ്പോഴേക്കും പോസ്റ്റോഫീസിന്‍റെ പരിസരങ്ങളില്‍ ആളുകള്‍ വന്നു കൂടും. പോസ്റ്റല്‍ ഉരുപ്പടികള്‍ ചാക്കില്‍ നിക്ഷേപിച്ച് അരക്ക് ഒട്ടിച്ച് പ്രധാന പോസ്റ്റോഫീസിന്‍റെ സീല്‍വച്ച് കാക്കിനിറമുള്ള ആ ചാക്ക് ഇടതു തോളിലിട്ട് വലതുകൈയില്‍ തൂക്കിപിടിച്ച മണികിലുക്കി പാങ്ങില്‍ നിന്നും യൂണിഫോമില്‍ അപ്പുക്കുട്ടന്‍ വരുന്നത് കണ്ടാല്‍ എല്ലാവരും ഒതുങ്ങി നില്‍ക്കും.

ഉപജീവനമാര്‍ഗ്ഗം തേടി ഗ്രാമത്തില്‍ നിന്നും മദിരാശിയിലും, ബോംബെയിലും, കോയമ്പത്തൂരും, സിലോണിലും, മലേഷ്യയിലും ദുബായ്, ഖത്തര്‍ പോലുള്ള അറബ് രാജ്യങ്ങളിലും എത്തിപ്പെട്ട ഗ്രാമയുവതയുടെ കണ്ണീരും, വിയര്‍പ്പും പുരണ്ട കത്തുകളും മണിയോര്‍ഡറുകളും അതുപോലെ രജിസ്ട്രേഡ് കത്തുകളില്‍ ഭദ്രമായടക്കം ചെയ്ത വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നുള്ള ഡ്രാഫ്റ്റുകളും ആ ചാക്കിനുള്ളിലുണ്ടായിരിക്കും. എത്രയോജീവിതങ്ങളുടെ സ്വപ്നങ്ങളും നെടുവീര്‍പ്പുകളും വിരഹത്തിന്‍റെ കണ്ണുനീരുപ്പും കലര്‍ന്ന ഹൃദയ വ്യഥകളും തുടിക്കുന്ന അറബ് രാജാക്കന്മാരുടെ തപാല്‍ മുദ്രയൊട്ടിച്ച എത്രയെത്ര എയര്‍മെയില്‍ കവറുകള്‍.

ചാക്ക് തുറന്ന് തപാല്‍ ഉരുപ്പടികളില്‍ സീല്‍ ചെയ്തു കഴിഞ്ഞ് ശിപായി കൊച്ചാപ്പു മാപ്പിള കത്തുകളെല്ലാം ഇടതുകൈയില്‍ ക്രമമായി അടുക്കി  പോസ്റ്റോഫിസിന്‍റെ വാതില്‍ക്കല്‍ നിന്ന് അവിടെ കൂടിനില്‍ക്കുന്നവരെയെല്ലാം ആകെയൊന്ന് വീക്ഷിക്കും. ആ നോട്ടത്തില്‍ ആരൊക്കെ സന്നിഹിതരായിട്ടുണ്ടെന്ന്  അദ്ദേഹം മനസ്സിലാക്കും. പിന്നീട് കത്തുകളുടെ സഞ്ചാരം വായുവിലൂടെയാണ്. ഓരോരുത്തരും നില്‍ക്കുന്ന സ്ഥാനം ലക്ഷ്യമാക്കി കത്തുകള്‍ അദ്ദേഹം എറിഞ്ഞു കൊടുക്കും. അത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യും.

വൈകുന്നേരങ്ങളില്‍ പാടത്തെ പീടികയെന്ന അങ്ങാടിയെ സജീവമാക്കിയിരുന്നതില്‍ പഞ്ചായത്ത് വക റേഡിയോക്കും മുഖ്യ സ്ഥാനമുണ്ടായിരുന്നു. കമ്പോള നിലവാരവും വയലും വീടും വാര്‍ത്തകളും സിനിമാപാട്ടുകളും കേള്‍ക്കാന്‍ ക്ഷമയോടെ കാത്തുനിന്നിരുന്ന ഒരു തലമുറ ഇന്നും സ്മരണയിലുണ്ട്.

ഗ്രാമത്തില്‍ നിന്നും ജീവിതത്തിന്‍റെ അനന്തമായ മറുകരകള്‍ തേടി ഒട്ടും സുരക്ഷിതമല്ലാത്ത ചരക്ക് ലോഞ്ചുകളില്‍ ജീവിതം അറബിക്കടലിന് സമര്‍പ്പിച്ച് ഉഷ്ണക്കാറ്റ് മണല്‍ നഗരങ്ങളിലെ സൗഭാഗ്യങ്ങള്‍ തേടിപ്പോയ ആദ്യ കാലത്തെ ഗള്‍ഫ് യാത്രക്കാര്‍. സുലൈമാന്‍ എന്ന സഹോദരനെ അങ്ങനെയൊരു ലോഞ്ച് യാത്രയിലാണ് അറബിക്കടല്‍ നക്കിയെടുത്തത്. അദ്ദേഹത്തിന്‍റെ സ്മരണകള്‍ നാലരപതിറ്റാണ്ടുകള്‍ പിന്നിടുന്നു.

മതിയായ രേഖകളുടെ പിന്‍ബലത്തില്‍ പില്‍ക്കാലത്ത് നാട്ടിലെ യുവാക്കള്‍ മണല്‍ നഗരങ്ങളിലേക്ക് ചേക്കേറി ഏതു തരം തൊഴിലെടുക്കാനും തയ്യാറായിരുന്നു അവര്‍. അവരിലൂടെയാണ് നാട്ടിലെ ദാരിദ്രത്തിന് പരിഹാരമുണ്ടായത്. ഓലപ്പുരകളുടെ സ്ഥാനത്ത് വാര്‍പ്പ് കെട്ടിടങ്ങള്‍ (വീടുകള്‍) ഉണ്ടായത്. സഹോദരിമാര്‍ പൊന്നും, പണവുമായി അന്തസ്സോടെ വിവാഹിതരായത്. ഗ്രാമത്തിലേക്ക് പുതിയ സൗഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നത്. ഗ്രാമത്തിന്‍റെ മുഖഛായ തന്നെ മാറിയത്.

1970 കളുടെ ആരംഭത്തിലാണ് മണ്ണെണ്ണ വിളക്കുകളുടെ സ്ഥാനത്ത് നാട്ടിലെ മിക്കവാറും വീടുകളില്‍ ബള്‍ബുകളും ട്യൂബുലൈറ്റുകളും തെളിഞ്ഞു കത്താന്‍ തുടങ്ങിയത്. ആ കാലഘട്ടത്തില്‍ തന്നെയാണ് പാടത്തെ പീടികയില്‍ നിന്നും തെക്കോട്ടുള്ള പഞ്ചായത്ത് റോഡ് നവീകരിച്ചതും നാല് ചക്രവാഹനങ്ങള്‍ ഓടിത്തുടങ്ങിയതും. പുരോഗമനപരമായ ആ സാമൂഹിക ഉണര്‍വ്വുകള്‍ക്ക് നേതൃത്വം നല്‍കിയ അഹമ്മദ്ക്ക, പരീത്ക്ക, അധികാരി കാദര്‍ക്ക തുടങ്ങിയ വ്യക്തികളോട് നമ്മുടെ ഗ്രാമം എക്കാലവും കടപ്പെട്ടിരിക്കുന്നു.

എത്രയോ തലമുറകള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ എ.എം.എല്‍.പി. സ്കൂള്‍ തന്നെയാണ് ഗ്രാമത്തിന്‍റെ മുഖശ്രീ. മുഹമ്മദ് മാഷ്, സുധാലത ടീച്ചര്‍, ചാക്കുണ്ണിമാഷ്, ഏല്യക്കുട്ടി ടീച്ചര്‍, പോള്‍മാഷ്, സരോജിനി ടീച്ചര്‍, ഹാജിയാര്‍  മാഷ് (അദ്ദേഹത്തെ അങ്ങനെയാണ് അന്ന് എല്ലാവരും സംബോധന ചെയ്തിരുന്നത്. അറബിക്ക് അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് അന്നും ഇന്നും അറിയില്ല) ജോസ് മാഷ്, ഔസേപ്പുണ്ണി മാഷ്......ഋഷിതുല്യരായിരുന്നു ആ അദ്ധ്യാപകര്‍. ആ കാലഘട്ടത്തില്‍ മാസത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന സാഹിത്യസമാജം പില്‍ക്കാലത്ത് എഴുത്ത് ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രസംഗിക്കാനും ആ സാഹിത്യ സമാജത്തിലൂടെയാണ് സാധ്യമായത്.

കുട്ടികളുടെ മനസ്സുകളില്‍ ഏതെല്ലാമോ പേടികളുടെ വിത്തുകള്‍ പാകിയ ഗ്രാമത്തിന്‍റെ പുരാവൃത്തങ്ങള്‍. പടിഞ്ഞാറെ കരയില്‍ നിന്നും വല്യവരമ്പിലൂടെ ചെന്നെത്തുന്ന കിഴക്കെകരയിലെ പുന്നച്ചുവടും, മാക്കിരി പറമ്പും പ്രേതപിശാചുക്കളും വിഷ ജീവികളും, ഇഴജന്തുക്കളുമെല്ലാം അവിടെ സമ്മേളിച്ചിരുന്നു എന്ന സങ്കല്‍പ്പങ്ങള്‍. വേനല്‍ക്കാലങ്ങളില്‍ ചന്ദ്രനുദിക്കാന്‍ വൈകുന്ന രാത്രികളില്‍ കൊയ്തൊഴിഞ്ഞ പാടത്ത് ഇടക്കിടെ മിന്നിമറഞ്ഞിരുന്ന കത്തിച്ച ഓലച്ചൂട്ടിന്‍റെ മങ്ങിയ തീനാളങ്ങള്‍. ഹൂം.....ക്രീ.......എന്ന ഹൂങ്കാരവങ്ങളോടെ പുന്നച്ചോട്ടില്‍ നിന്നും പുറപ്പെട്ട് വല്യ വരമ്പ് മുറിച്ചുകടന്ന് വരിതെറ്റാതെ തണ്ണീര്‍ക്കായലിന്‍റെ ഓരത്തു കൂടി കണ്ണന്‍കാട് ലക്ഷ്യമാക്കി ഭൂമിയില്‍ തൊടാതെ ഒഴുകിയകന്നു പോകുമായിരുന്ന പൊട്ടിയും മക്കളും എന്ന വലിയ സങ്കല്‍പ്പം.....

എഴുപതുകളുടെ ആരംഭത്തില്‍ നാടിന്‍റെ വിശ്വാസങ്ങളിലേക്ക് അന്ധവിശ്വാസത്തിന്‍റെ മേലങ്കിയുമായി ഒരു ദൂതനെപ്പോലെ കടന്നെത്തിയ ഫത്താഹ് എന്ന മതിഭ്രമമുള്ള ഒരാളിലേക്ക് നാട്ടുകാര്‍ ആകര്‍ഷിക്കപ്പെട്ടത് ആ കാലഘട്ടത്തിലെ പ്രധാന സംഭവമായിരുന്നു. അയാള്‍ പണ്ഡിതനാണെന്നും അനേകം കറാമത്തുകളുള്ള വ്യക്തിയാണെന്നും ജനം വിശ്വസിച്ചു. അയാളുടെ നാട്ടുസഞ്ചാരങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ അനുഗമിക്കുന്നവരുണ്ടായിരുന്നു.. ബാധകള്‍ അകലാനും അസുഖങ്ങള്‍ ഭേദപ്പെടുത്താനും ഉദ്ദിഷ്ടകാര്യങ്ങള്‍ക്കും അയാളെ സമീപിക്കാന്‍ സ്ത്രീകളും, പുരുഷന്മാരും മടി കാണിച്ചില്ല. ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിച്ചു കൊണ്ട് പീന്നീടൊരുനാള്‍ അയാള്‍ അപ്രത്യക്ഷനായി.

നാടിന്‍റെ കലാകായികരംഗം ഫ്രന്‍സ് അസോസിയേഷന്‍ എന്ന സംഘടനയിലൂടെയാണ് പ്രവര്‍ത്തിച്ചിരുന്നത് ഫ്രന്‍സ് അസോസിയേഷന്‍ പിന്നീട് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് ക്ലബ്ബ് എന്ന പേരിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ആ വര്‍ഷത്തില്‍ (1976) തന്നെയാണ് ചേറ്റുവയില്‍ വച്ച് നടന്ന സഹീദ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനലില്‍ വിജയിച്ച് മുഹമ്മദന്‍സ്‌ സ്പോര്‍ട്ടിങ്ങ് ചരിത്രം കുറിച്ചത്. ട്രോഫിയില്‍ മുത്തമിട്ടു കൊണ്ട് ആര്‍പ്പു വിളികളോടെ ചേറ്റുവയില്‍നിന്നും വഞ്ചി തുഴഞ്ഞെത്തിയ ഗ്രാമയുവത്വത്തെ എതിരേല്‍ക്കാന്‍ പുഴയോരത്ത് സന്ധ്യാമയക്കത്തില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ പ്രായഭേദമന്യേ ഒരു കൂട്ടം തന്നെ കാത്തുനിന്നിരുന്നു.

മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് ക്ലബ്ബിന്‍റെ ഒന്നാംവാര്‍ഷികത്തോടനുബന്ധ നാടിന്‍റെ ചരിത്രത്തില്‍ ആദ്യമായി 1977-ല്‍ സ്കൂള്‍ മുറ്റത്ത് അരങ്ങേറിയ മരട്‌ രഘുനാഥിന്‍റെ തരംഗങ്ങള്‍ എന്ന നാടകം (നാടകത്തിലെ പാട്ടുകള്‍ ഒരുക്കിയത് അസീസ് മഞ്ഞിയില്‍ ആയിരുന്നു) നാടകം തുടങ്ങി രണ്ട് രംഗങ്ങള്‍ പിന്നിടുമ്പോഴേക്കും തകര്‍ത്തു പെയ്ത മഴയില്‍ കുതിര്‍ന്നു പോയ നാടക സ്വപ്നങ്ങള്‍. (കൃത്യം ഒരാഴ്ച തികയുന്ന ദിവസത്തില്‍ തന്നെ ആ നാടകം വീണ്ടും ആ കാലഘട്ടത്തില്‍ ഇരുപത് വയസ്സില്‍ താഴെയുള്ള കൗമാരക്കാര്‍ നാടകം കളിക്കാന്‍ കാണിച്ച തന്‍റേടവും ആര്‍ജ്ജവവും സ്മരണീയമാണ്.

നാടിന്ന് ഉത്സവഛായ പകര്‍ന്നു കൊണ്ട് ആണ്ടറുതികളില്‍ കാഞ്ഞിരമറ്റം ഔലിയയുടെ സ്മരണാര്‍ത്ഥം ആഘോഷിച്ചിരുന്ന കൊടികയറ്റം നേര്‍ച്ച. ചുമരുകള്‍ വെള്ളതേച്ചും വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വൃത്തിയാക്കിയും മുന്നൊരുക്കങ്ങള്‍ നടത്തിയും നേര്‍ച്ച ദിനത്തിനായി നാട് കാത്തിരിക്കും. നേര്‍ച്ചക്ക് നാല്നാള്‍ മുമ്പ് മുട്ടുംവിളി സംഘം നാടുചുറ്റാന്‍ തുടങ്ങും. തലേ ദിവസം വന്നെത്തുന്ന ആനകളും മേളക്കാരും പൊന്നേങ്ങാടത്ത് തറവാട്ടില്‍ നിന്നു തുടങ്ങിയ ആരാധന കലകളുടെ അകമ്പടിയോടെ പള്ളിയിലേക്കെത്തുന്ന രാത്രി നാട്ടുകാഴ്ചകള്‍. രാത്രിയില്‍ മേളങ്ങള്‍ നിലനില്‍ക്കുബോള്‍ അരങ്ങേറിയിരുന്ന ആലപ്പി അസീസ് , റംലാബീഗം, ഐഷാബീഗം, ഫാരിഷ ബീഗം എന്നിവരുടേയെല്ലാം ബദുല്‍മുനീര്‍ഹുസനുല്‍ ജമാല്‍, ബദര്‍യുദ്ധ ചരിത്രം, ഉഹദ്‌ യുദ്ധചരിത്രം കഥാപ്രസംഗങ്ങള്‍.

ചെറിയ-വലിയ പെരുന്നാള്‍ ദിനങ്ങളിലും ഞായറാഴ്ച പോലുള്ള ഒഴിവു ദിവസങ്ങളിലുമെല്ലാം കിഴക്കേകരയിലെ മഞ്ഞിയില്‍ പറമ്പില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ കളിച്ചിരുന്ന ഒരു കരുമച്ചംപെണ്ണുണ്ടോ, ഉപ്പും പക്ഷിയും, മേഡാസ്, കൊച്ചം കുഞ്ഞിക്കളി, കുട്ടിയും കോലും, കോട്ടികളി, കല്ല്കളി, കള്ളനും പോലീസും എന്നിങ്ങനെ കളിച്ചാസ്വദിച്ചിരുന്ന ബാല്യകൗമാരങ്ങള്‍.

നാട്ടുനന്മകളാല്‍ സമ്പന്നമായ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും അക്ഷയഖനിയായ തിരുനെല്ലൂര്‍ ഗ്രാമത്തിന്‍റെ രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്രവും സംസ്കാരവും പിന്നിട്ടുപോയ ഊഷ്മളമായൊരു കാലഘട്ടത്തിന്‍റെ രേഖാചിത്രങ്ങളും അടയാളപ്പെടുത്താന്‍ ഈ സ്മരണയുടെ എല്ലാ താളുകളും മതിയാവുകയില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഈ ലേഖനത്തിന്‍റെ ശീര്‍ഷകം സൂചിപ്പിക്കുന്ന പുരാവൃത്തങ്ങളില്‍ ഒരു ദേശത്തിന്‍റെ വായന എന്ന അതേ പേരില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നോവലില്‍ ഒട്ടേറെ അനുഭവങ്ങള്‍ വ്യത്യസ്തരായ കഥാപാത്രങ്ങളിലൂടെ പുനരാവിഷ്കരിക്കാന്‍ സാധിക്കും എന്നാണെന്‍റെ പ്രതീക്ഷയും പ്രാര്‍ത്ഥനയും കാലത്തിന്‍റെ ഗതിമാറ്റങ്ങളില്‍ മനസ്സിന്‍റെ ജാലകങ്ങള്‍ തുറന്നുവച്ച് ഓര്‍മ്മകളെ വീണ്ടെടുക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു.

റഹ്‌മാന്‍ തിരുനെല്ലൂര്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.