Sunday, April 16, 2017

അനുഗ്രഹീതമായ ഗ്രാമം


ഓർമ്മയിലെ എന്റെ ഗ്രാമം ഒട്ടനവധി മധുര സ്‌മരണകളാൽ സമ്പന്നമാണ്.ഇല്ലായ്‌മയുടെയും വലായ്‌മയുടെയും കാലമായിരുന്നതിനാൽ ദുഖത്തിന്റെ കരിമ്പടം പുതച്ച ഒര്‍മ്മകളാണധികവും.എങ്കിലും നാട്ടുകാർ ,പ്രത്യേകിച്ച് അയൽവാസികൾ തമ്മിലുള്ള സ്നേഹവും ഐക്യവും ,സഹാനുഭൂതിയും,വിട്ടുവീഴ്ചയും ഇന്നത്തെക്കാൾ വളരെ ഊഷ്‌മളമായിരുന്നു .

സ്വർണ്ണ നിറമുള്ള നെൽക്കതിർ സമൃദ്ധമായി ഇട തൂർന്നു നിൽക്കുന്ന പാട വരമ്പത്ത് കൂടിയുള്ള നടത്തവും മഴക്കാലത്ത് പാടങ്ങളിൽ ചേക്കേറുന്ന വരാൽ മത്സ്യങ്ങളെ പിടിക്കാനുള്ള ചെറു സംഘങ്ങളും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന താരപ്പൂക്കൾക്കടിയിലൂടെ കയ്യിട്ട് കടുക്ക പറിക്കുന്നതും എല്ലാം കുട്ടിക്കാലത്തെ ഓർമ്മകളാണ്.ചെറിയ വരമ്പ്,വലിയ വരമ്പ് എന്നറിയപ്പെടുന്ന രണ്ട് വരമ്പുകൾ മഹല്ലിന്റെ കിഴക്കേ കരയെയും പടിഞ്ഞാറെ കരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാജപാതകളായിരുന്നു.

അന്നത്തെ പതിവുകാഴ്ച്ചകളിൽ ഒന്നാണ്,എല്ലാ വൈകുന്നേരങ്ങളിലും അന്നന്നത്തെ അഷ്‌ടിക്കുള്ള വകകൾ വാങ്ങാനായി പാടത്തെ പീടികയിലേക്കുള്ള ജനസഞ്ചാരം.ഇടവഴികളും പാടവരമ്പുകളും സാദാരണ ജനങ്ങളെ കൊണ്ട് സജീവമാകും.ഇന്നത്തെ പോലെ കുറേനാളത്തെക്കുള്ള ഭക്ഷണ സാദനങ്ങൾ ഹൈപ്പെർ മാർക്കറ്റിൽ നിന്നും ഒരുമിച്ചു വാങ്ങി വയ്‌ക്കുന്ന പതിവ് അക്കാലത്തില്ലല്ലോ.പാടത്തെ പീടികയിലെ അന്നത്തെ അറിയപ്പെടുന്ന സൂപ്പർ മാർക്കറ്റുകൾ,കൊച്ചന്റെ പീടിക,ലാസരേട്ടന്റെ പീടിക,മാത്തപ്പൻ ചേട്ടന്റെ പീടിക എന്നിവയാണ്.ഹമീദ്കുട്ടിക്കയുടെ സൂപ്പർ മാര്‍ക്കറ്റ് പിന്നീട് ഉദയം കൊണ്ടതാണ്.പീടികയിലേക്ക് പോകുന്നവർ സാദനങ്ങൾ വാങ്ങി തിരിച്ച് പോകുന്നവരോട് ,എന്നും കാണുന്നവർ എന്ന നിലക്കുള്ള സൌഹൃദ ചോദ്യമാണ് -ഇന്നെന്താ മീന് ? എന്താ വില ?.മിക്കവാറും ഉത്തരം-ചാള, രൂപയ്ക്ക് 16  എന്നായിരിക്കും.പരിചയ മുഖങ്ങളെല്ലാം ഈ ചോദ്യവും ഉത്തരവും കൈമാറിക്കൊണ്ട് കടന്ന് പോകും.ഒരിക്കൽ എന്താ മീന് ? എന്ന ചോദ്യത്തിന്ന് ഒരു ശുദ്ധഗതിക്കാരൻ " രൂപക്ക് 16 എന്ന് മറുപടി പറഞ്ഞത് അക്കാലത്ത് ഒരു ഗ്രാമീണ ഫലിതമായി പ്രചരിച്ചിരുന്നു.

നോമ്പ് കാലമാണെങ്കിൽ അരിയും പലവ്യഞ്ജനങ്ങളും മീനും മറ്റും വാങ്ങി ,ചില്ലറ വല്ലതും ബാക്കിയുണ്ടെങ്കിൽ സീനീപ്പി സൈതുക്കയുടെ സർബത്ത് കടയിൽ നിന്നും നാരങ്ങാ സത്തും നെല്ലിക്കയും വാങ്ങിയാണ് തിരിക്കുക.നോമ്പ് തുറ കഴിഞ്ഞ് കഴിക്കാൻ.സ്‌കൂളിൽ കൊണ്ടുപോകുന്ന അശോക പെന്നിൽ മഷി കഴിഞ്ഞിട്ടുണ്ടെങ്കിൽ അഞ്ച് പൈസ കൊടുത്ത് മഷി നിറക്കുന്നത് സീപ്പി സ്റ്റോറിൽ നിന്നാണ്.പുതിയ പുതിയ ജാക്ക്പോട്ട് നറുക്കുകൾ അവതരിപ്പിക്കുന്നതും സീപ്പി സ്റ്റോർ തന്നെ.വലിയ കടലാസ് ബോർഡിൽ നിന്നും കീറിയെടുക്കുന്ന നറുക്ക് തുറന്നു നോക്കിയാൽ അതിലെഴുതിയിരിക്കുന്നതിനനുസരിച്ച് പീപ്പി,കണ്ണട,കളർ വാച്ച് ,കളർ കണ്ണട എന്നിവയിലേതെങ്കിലും പ്രൈസ് അടിച്ചാൽ കിട്ടും.

നോമ്പിനെക്കുറിച്ച് പറയുകയാണെങ്കിൽ ഒട്ടനവധി കാര്യങ്ങൾ ഒര്‍ക്കാനുണ്ട്.മനസ്സിന്റെ ഉള്ളിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി അവയിലധികവും അവശേഷിക്കുന്നു.അസ്വർ നമസ്‌കാരം കഴിഞ്ഞാൽ പിന്നെ പള്ളിയിൽ നോമ്പ് തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി.ഞങ്ങളിൽ ചിലർ ചായ തിളപ്പിക്കുന്ന മണ്‍ കലത്തിൽ വെള്ളം നിറച്ചു കൊണ്ടുവരും.മറ്റു ചിലർ പള്ളിക്കാട്ടിൽ നിന്നും വിറക് ശേഖരിച്ചിട്ടുണ്ടാകും .പള്ളിമുറ്റത്തെ മൂലയിൽ സംവിധാനിച്ചിരിക്കുന്ന മൂന്നു കല്ല് വെച്ച അടുപ്പിൽ തീ പിടിപ്പിച്ചു ചായയുണ്ടാക്കുന്നതും അത് വിളമ്പുന്നതും മുക്രി മുഹമ്മദാലിക്കയായിരിക്കും.

ഹൗദിൽനിന്നു വുദു ചെയ്‌ത് പുറത്ത് പോകുന്ന വെള്ളച്ചാലിന് ഓരത്തായി നിരന്നു നിൽക്കുന്ന പപ്പയ്‌ക്ക,ധാരാളം വെള്ളം കിട്ടുന്നതുകൊണ്ട് നിറയെ കായ്ച്ചു നിൽക്കുന്നുണ്ടാകും.അതിൽനിന്നു പാകമായത് പറിച്ചെടുത്ത് കഷ്‌ണമാക്കിയതായിരിക്കും നോമ്പ് തുറയുടെ പ്രധാന വിഭവം.റസ്കോ ബിസ്‌കറ്റോ ഉണ്ടെങ്കിൽ ഗംഭീരമായിരിക്കും.തേക്ക് മരത്തിൽ നിന്നും ഇലകൾ പറിച്ചു അതിൽ വിഭവങ്ങളും അലൂമിനിയം ഗ്ലാസ്സുകളിൽ ചായയുമായി വരിവരിയായിരുന്നു ബാങ്ക് വിളിക്കാൻ മുഹമ്മദാലിക്ക നീങ്ങുന്നുണ്ടോ എന്ന് നോക്കിയിരിക്കും.ഇന്ന് ബിരിയാണിയും ബർഗർ അടക്കമുള്ള ആധുനിക ഭക്ഷണങ്ങൾ എല്ലാ പള്ളികളിലും നോമ്പ് തുറക്ക് നിത്യ കാഴ്‌ചയാണ്,അൽഹംദുലില്ലഹ്.

നോമ്പടുത്ത ദിവസങ്ങളിൽ പള്ളിയിലെ പായകളെല്ലാം പള്ളിക്കുളത്തിൽ കൊണ്ടുപോയി കഴുകുന്നതും,പള്ളി മുഴുവൻ വൃത്തിയാക്കുന്നതും ,പല്ലികളെയും ചീവീടുകളെയും വെട്ടിവിഴുങ്ങുന്ന ഹൗദിലെ വാലാത്തനെ പിടിച്ചു വെള്ളം നിറച്ച പാത്രത്തിലിട്ട് ഹൗദിലെ വെള്ളം മുഴുവൻ ഒഴുക്കികളഞ്ഞു തേച്ചുകഴുകി പുതിയ വെള്ളം നിറക്കുന്നതും മുഹമ്മദാലിക്കയുടെ നേതൃത്വത്തിൽ തന്നെയായിരിക്കും.

അക്കാലത്തെ മറ്റൊരു നാട്ടുനടപ്പായിരുന്നു കുറിക്കല്ല്യാണം.അന്ന് നടക്കുന്ന വിവാഹങ്ങളിൽ പങ്കെടുക്കുന്നവർ ഒരു സംഖ്യ പാരിതോഷികമായി വീട്ടുടമക്ക് കൊടുക്കുമായിരുന്നു.അത് പിരിച്ചെടുക്കാൻ പന്തലിന്റെ മുൻവശത്ത് തന്നെ മേശയും കസേരയും ഇട്ട് ഇരിപ്പിടം സജ്ജീകരിച്ചിരിക്കും.കാശ് തരുന്നവരുടെ പേരും സംഖ്യയും പ്രത്യേകം എഴുതിവെക്കുന്നു.ഇങ്ങനെ കുറെ വിവാഹങ്ങൾക്ക് കാശ് കൊടുത്ത് ,സ്വന്തം വീട്ടിൽ വിവാഹം നടത്തി ,അത് തിരിച്ചു പിരിച്ചെടുക്കാൻ കഴിയാത്തവർ ഏതെങ്കിലും ചായക്കടയിൽ നിശ്ചിത ദിവസം ടീപാര്‍ട്ടി വെച്ച് കാശ് കിട്ടാനുള്ള ആളുകളെയെല്ലാം കുറിക്കത്ത് വഴി ടീപാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നു.പാടത്തെ പീടികയിൽ കമ്പനി ഹലീമത്തയുടെ ചായക്കടയിൽ വെച്ചായിരുന്നു അധിക കുറിക്കല്ല്യാണങ്ങൾ നടന്നിരുന്നത്. പുട്ടും കടലയും പിന്നെ ചായയുമായിരിക്കും വിഭവങ്ങൾ.അവിടെയും കാശ് പിരിച്ചെടുക്കാൻ പുസ്‌തകവും പെന്നും വെച്ചു പ്രത്യേകം ആളെ ഏർപ്പാടാക്കിയിരുന്നു.മതിലകത്ത് കാദർക്കയായിരിക്കും (അധികാരി കാദർ )അധികവും ഈ റോളിൽ ഉണ്ടാകുക.അന്നത്തെ കല്യാണങ്ങളിൽ പുതിയാപ്പിളയെ തേടിപ്പോകാനും പുതിയാപ്പിളയോടൊപ്പം പോകാനും യുവാക്കൾക്ക് ഹരമായിരിക്കും.കാദർക്കയുടെ അവസരോചിതമായ ഇശലുകൾക്കൊപ്പം കൈക്കൊട്ടിക്കൊണ്ടായിരിക്കും ഈ യാത്ര.കല്യാണ വീട്ടിൽ നിന്നും 24 മണിക്കൂറും കോളാമ്പി മൈക്ക് വെച്ചു കൊണ്ടുള്ള മാപ്പിളപ്പാട്ട് പ്രവാഹമായിരിക്കും .അയൽവാസികൾക്ക് ഇത് അരോചകമായിരുന്നെങ്കിലും ഒരു പരാതിയുമില്ലാതെ എല്ലാവരും സന്തോഷപൂർവ്വം സഹകരിച്ചിരുന്നു.

വളരെ പ്രശസ്‌തമായ ,എല്ലാവരും ആശ്രയിച്ചിരുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനം പാടത്ത് പീടികയിൽ പ്രവർത്തിച്ചിരുന്നു.11 മണിയോടുകൂടി പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്ത എല്ലാ ചെറുപ്പക്കാരും അവിടെ സമ്മേളിക്കുക പതിവായിരുന്നു.പാങ്ങിൽ നിന്നും കാൽനടയായി എത്തുന്ന തപാൽ സഞ്ചി തുറന്ന് തരം  തിരിച്ചു രേഖപ്പെടുത്തി സീൽ ചെയ്‌ത് കഴിഞ്ഞാൽ കടൽ കടന്നും ട്രെയിൻ വഴിയും വന്നെത്തിയ വിരഹങ്ങളും ,വിശേഷങ്ങളും,പരാതികളും പരിദേവനങ്ങളും അതിന്റെ അവകാശികൾക്ക് കൈമാറുകയായി.എല്ലാ കണ്ണുകളും പോസ്റ്റ്മാൻ കൊച്ചാപ്പു വിന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി നിൽക്കും.അദ്ദേഹത്തിന്റെ നീട്ടി വലിച്ചതും ഫലിതത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ളതുമായ പേരുവിളികളിൽ കൂടി നിൽക്കുന്നവർ ചിരിച്ചു തള്ളും.അടുത്തടുത്ത വീടുകളിലേക്കുള്ള ഉരുപ്പടികൾ ഓരോരുത്തരേയും ഏൽപ്പിച്ചു മൂപ്പർ തടി സലാമത്താക്കും.

പള്ളിക്കാട്ടിൽ നിന്നും മലമ്പാമ്പുകളെ പിടിക്കുക അപൂവ്വമായിരുന്നില്ല.ഒരു രാത്രി കറ്റാൻ പൂച്ചയുടെ ദീനരോദനം കേട്ടു എല്ലാവരും ഓടിക്കൂടി തെരഞ്ഞപ്പോൾ ,കറ്റാൻ പൂച്ചയെ പകുതി വിഴുങ്ങിയ നിലയിലുള്ള വലിയ മലമ്പാമ്പിനെയാണ് പിടി കൂടിയത്.മറ്റൊരിക്കൽ ഇശാ സമയത്ത് വുദു ചെയ്യാൻ പള്ളിക്കുളത്തിലെക്ക് ഇറങ്ങുന്ന ആൾ മലമ്പാമ്പിനെ കണ്ട് വിളിച്ചുകൂകി.ആളുകൾ ഓടിക്കൂടി തെരച്ചിൽ തുടങ്ങിയപ്പോൾ പാമ്പ് കുളത്തിലേക്ക് ചാടി.പിറ്റേ ദിവസം ഉച്ച കഴിഞ്ഞാണ് പാമ്പിനെ കുളത്തിൽനിന്നു കഴുത്തിൽ കുരുക്കിട്ട് പിടിക്കാൻ കഴിഞ്ഞത്.

പള്ളിപ്പരിസരത്തുള്ളവർ എന്നും രാവിലെ തോർത്തും സോപ്പുമായി വന്നു നീന്തി കുളിച്ചിരുന്നത് നാലുപാടും പടുത്തുയർത്തിയ വിശാലമായ പള്ളിക്കുളത്തിലാണ്.കിഴക്കരയിൽ നിന്നുപോലും യുവാക്കൾ കുളിക്കാൻ വരാറുണ്ട്.മഴക്കാലത്ത് അതിന്റെ രസം ഒന്ന് വേറെത്തന്നെയാണ്.സ്‌കൂൾ അവുധി ദിവസമാണെങ്കിൽ മണിക്കൂറുകളോളം നീണ്ടു നിൽക്കും സംഘം ചേർന്നുള്ള കുളി.മൂന്നു ഭാഗത്തുനിന്നും ഓടിവന്ന് ചാടിയും തലകുത്തിമറിഞ്ഞുമുള്ള കുളി വയർ നിറയെ വെള്ളം കുടിച്ചും കണ്ണുകൾ ചുകന്നു തുടുക്കുന്നതുവരെ തുടരും.കാൽ നൂറ്റാണ്ടു കാലത്തോളം മഹല്ലിനെ സേവിച്ച ,നമ്മുടെ ഖതീബായിരുന്ന ബഹുമാന്യനായ മൂസ ഉസ്‌താദിനെ ഇത്തരുണത്തിൽ ഞാൻ ഓര്‍ത്തുപോകുകയാണ്.മഴ പെയ്യുന്ന സമയത്ത് അദ്ദേഹം പള്ളിയിൽ  നിന്ന് കുട ചൂടി വരികയും,കുട ചൂടിക്കൊണ്ടു തന്നെ മുങ്ങിക്കുളിക്കുകയും ചെയ്യുമായിരുന്നു.അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്,മഴ കൊണ്ടാൽ പനി പിടിക്കുമെന്നാണ്.ശാരീരികാരോഗ്യത്തെ അത്രമാത്രം അദ്ദേഹം ശ്രദ്ധിച്ചിരുന്നു.കോട്ടക്കൽ ആര്യവൈദ്യശാലയുടെ ലേഹ്യങ്ങളും കഷായങ്ങളും മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളു.വേറെ ഒരിടത്തുനിന്നും വാങ്ങാൻ സമ്മതിച്ചിരുന്നില്ല.വർഷങ്ങളോളം ഇവകൾ വാങ്ങിക്കൊടുത്തിരുന്നത് ഈയുള്ളവനാണ്.

അന്നത്തെ മാസമുറപ്പിക്കൽ വളരെ സങ്കീർണ്ണമേറിയതായിരുന്നു. ഇന്നത്തെപ്പോലെ ഫോണോ മറ്റു സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നല്ലോ?കിട്ടുന്ന വണ്ടിയിൽ മാസപ്പിറവി കാണാൻ സാധ്യതയുള്ള താനൂരോ,വെളിയങ്കോടോ പോയി അറിഞ്ഞുവന്നു നോമ്പോ പെരുന്നാളോ പള്ളിയിൽ പ്രഖ്യാപിക്കണമായിരുന്നു.അത് വരെ എല്ലാവരും പള്ളിയിൽ കാത്തിരിക്കും.രാവിലെ 10 മണി വരെ നോമ്പ് നോറ്റ് ശേഷം അന്ന് പെരുന്നാളാണെന്നറിഞ്ഞു നോമ്പ് മുറിച്ചു പെരുന്നാൾ ആഘോഷിച്ച സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

നമ്മുടെ പൂർവ്വികന്മാർ എന്തൊക്കെ ത്യാഗം സഹിച്ചും എങ്ങിനെയൊക്കെ ഈമാനികാവേശം ഉൾക്കൊണ്ടുമാണ് മഹല്ലിനെ ഇത്തരത്തിൽ വളര്‍ത്തിയെടുത്ത്തതും ,പുരോഗതിയിലേക്കു നയിച്ചതുമെന്നു നമ്മുടെ വരും തലമുറക്ക് കൂടി പകര്‍ന്നു നൽകണം ഇന്ന് സാമ്പത്തികമായി ഞെരുക്കമുണ്ടാകുമ്പോൾ നാം കമ്മറ്റി കൂടി ,വരിസംഖ്യ കൂട്ടിയും മറ്റു സ്രോതസ്സുകൾ തേടിയും അത് മറി കടക്കാൻ ശ്രമിക്കുമ്പോൾ,ഈ സൌകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ആഴ്ച്ചതോറും പിടി അരി പിരിച്ചും ,വരി തെങ്ങ് സംഭാവന നല്‍‌കിയും ദീനി സ്ഥാപനങ്ങളെ നിലനിറുത്താൻ അവർ കാണിച്ച ത്യാഗത്തെ രണ്ടിറ്റു കണ്ണീരോട് കൂടിയല്ലാതെ സ്‌മരിക്കാൻ കഴിയില്ല.അതിലേക്കുള്ള ഒരു ചൂണ്ടുപലകയാവട്ടെ ഖത്തർ മഹല്ല് അസ്സോസിയേഷൻ തിരുനെല്ലൂരിന്റെ ഈ പ്രഥമ സംരംഭം.എന്നാശംസിക്കുകയാണ്.

പരമ കാരുണ്യവാനായ നാഥൻ നമ്മെയും നമുക്ക് മുന്നേ കടന്നുപോയ നമ്മുടെ മാതാപിതാക്കളേയും ഉസ്‌താദുമരെയും ശേഷം വരാനിരിക്കുന്ന നമ്മുടെ സന്താനങ്ങളെയും അവന്റെ തൃപ്‌തിയും കാരുണ്യവും കൊണ്ട് കടാക്ഷിക്കുമാറാകട്ടെ.ആമീൻ.....!

പി കെ അബ്‌ദുൽ ഖാദർ പുതിയവീട്ടിൽ 

0 comments:

Post a Comment

Note: Only a member of this blog may post a comment.