എന്റെ
ബാല്യകാലത്തെ ഓര്‍മ്മകളില്‍ നിന്നും ചില ചിതറിയ ചിത്രങ്ങള്‍ പങ്കു
വെയ്‌ക്കുകയാണ്.ബന്ധുക്കളില്‍ നിന്നുള്ള ചിലര്‍ പ്രസ്‌തുത
ചിത്രങ്ങള്‍ക്ക് അല്‍പം കൂടെ നിറം പകര്‍ന്നു നല്‍കിയപ്പോള്‍ കുറച്ചു
കൂടെ വ്യക്തത കൈവരിക്കാന്‍ കഴിയുന്നുണ്ട്.പ്രൈമറി ക്ലാസ്സില്‍ പഠിച്ചു
കൊണ്ടിരിക്കുമ്പോഴാണ് ഓര്‍മ്മയ്‌ക്ക് ആസ്‌പദമായ സംഭവം.കൃത്യമായി
പറഞ്ഞാല്‍.അന്നെനിക്ക് എട്ടു വയസ്സ് പ്രായം.മുസ്‌ലിം ആണ്‍കുട്ടികളുടെ
ചേലാ കര്‍മ്മങ്ങള്‍ അധികവും സ്ക്കൂളിലും മദ്രസ്സയിലും ഒക്കെ
ചേര്‍ത്തിയതിന്റെ ശേഷമായിരുന്നു നടത്തിയിരുന്നത്.മാര്‍ഗ കല്യാണം
എന്നായിരുന്നു അക്കാലത്ത് ഇതു അറിയപെട്ടിരുന്നത്.
ചേലാ കര്‍മ്മം കഴിഞ്ഞ്
മുറിവുണങ്ങി കുളിക്കുന്ന ദിവസം ഒരു ആഘോഷം തന്നെയായിരുന്നു
നടമാടിയിരുന്നത്.അവരവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചു് ആഘോഷപ്പൊലിമയില്‍
ഏറ്റക്കുറച്ചിലുകളൊക്കെ ഉണ്ടാകുമെന്നു മാത്രം.ആഘോഷ ദിവസം പട്ടവും പടവും
കെട്ടി അണിഞ്ഞൊരുക്കിയ ആനയും കൊട്ടും പാട്ടും വാദ്യ മേളങ്ങളും ഒക്കെ
ഒരുക്കുന്നവരും ഉണ്ടായിരുന്നു.കുളിപ്പിച്ചൊരുക്കിയ ബാലനെ ആനപ്പുറത്തിരുത്തി
ആഘോഷത്തോടെ പള്ളിയില്‍ കൊണ്ടു പോകുന്ന പതിവും സാധാരണമായിരുന്നു.മഹല്ലിലെ
ഒസ്സാനായിരുന്നു ചേലാ കര്‍മ്മം നടത്തിയിരുന്നത്.അക്കാലത്ത്
പെണ്‍കുട്ടികളുടെ കാതു കുത്ത് കല്യാണവും ഇതു പോലെ ആഘോഷ പുര്‍വ്വം
നടത്തപ്പെട്ടിരുന്നു.
പുരാതന കാലത്ത് ഒരു കർമ്മമായും തൊഴിലായും കാത് കുത്ത്, മുടി വെട്ട്, ചേലാ കർമ്മം തുടങ്ങിയവ ശാസ്ത്രീയമായി ചെയ്‌തിരുന്നവരാണ് ഒസ്സാന്മാര്‍. അല്‍പം വൈദ്യ മേഖലയിലും ഇവർ കൈകടത്തിയിരുന്നു. സുന്നത്ത് കല്യാണം, മാർഗകല്യാണം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ചേലാ കർമ്മ ചടങ്ങിലെ മുഖ്യ അതിഥി ഒസ്സാനായിരിക്കും. ചെറിയ വലിപ്പത്തിലുള്ള കത്തി, കൊടിൽ, നൂൽ, മുറിവുണക്കാനുള്ള മരുന്ന് തുടങ്ങിയവ ഇവരുടെ ഉപകരണങ്ങളാണ്.ചേലാ കര്‍മ്മം നടത്താനുള്ള അവകാശം നാട്ടിലെ നിയുക്ത ഒസ്സാനില്‍ നിക്ഷിപ്‌തമായിരുന്നു.
അന്നൊരു ദിവസം എന്റെയും ഇക്കയുടേയും ഊഴമായിരുന്നു.ഒസ്സാന്‍ അദ്ദുക്ക നേരത്തെ തന്നെ ഉമ്മറ തിണ്ണയില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.തോളില്‍ കള്ളി തൂവാലയിട്ട് ഒരു സൂത്രച്ചിരിയോടെ ഇരിക്കുന്ന അദ്ദുക്കാനെ കുട്ടികള്‍ക്കൊക്കെ പേടിയായിരുന്നു.കുട്ടികള്‍ അദ്ദേഹത്തെ നോക്കി അടക്കം പറഞ്ഞു തിരിഞ്ഞു മുറിഞ്ഞ് ഓടുന്ന കാഴ്‌ചയില്‍ കാരണവന്മാര്‍ അരിശം കൊള്ളുന്നതും ഒരു പതിവ് രീതിയാണ്.
വരാന്തയിലെ തിണ്ണയില്‍ ഒരുക്കിയ
മജ്‌ലിസില്‍ ഉസ്‌താദുമാര്‍ മൗലിദ് പാരായണം തുടങ്ങി.ഇക്കയെ അനുനയിപ്പിച്ച്
കോണി മുറിയിലേയ് കൊണ്ടു പോകുന്നതു കണ്ടു.പങ്ങി പങ്ങി മെല്ലെ
ഉള്‍വലിഞ്ഞ് തിരിമുറിഞ്ഞ് ഞാന്‍ ഓടി തൊട്ടടുത്തെ മാക്കിരിപ്പറമ്പിലെ
എന്റെ സഹപാഠിയുടെ വരാന്തയിലെ ചകിരി കെട്ടിന്റെ പിന്നില്‍
ഒളിച്ചിരുന്നു.എങ്കിലും അന്വേഷണ സംഘത്തിന്റെ പിടിയില്‍ നിന്നും
രക്ഷപ്പെടാനായില്ല.
ചീന്തിയ
ഈര്‍ക്കിള്‍ ചെറിയ വൃത്തം തീര്‍ത്ത് ലിംഗത്തിന്റെ അഗ്ര ചര്‍മ്മത്തില്‍
പ്രവേശിപ്പിച്ച് മോതിരക്കണ്ണിയിലേയ്‌ക്ക് ചര്‍മ്മം
ചുരുട്ടിക്കയറ്റുകയാണ് വിദഗ്‌ദനായ ഓസ്സാന്‍ ചെയ്യുന്നത്.മൂന്നാം
ദിവസമാകുമ്പോഴേയ്‌ക്കും മുറിവിന് ഉണക്കം വന്നിരിയ്‌ക്കും.മുറിവില്‍
ചുറ്റിയ നേര്‍ത്ത തുണി എല്ലാ ദിവസവും പുതുക്കി ചുറ്റും.ഇങ്ങനെ മൂന്നാം
ദിവസമായാല്‍ മൂന്നാം ശീല എന്ന പേരില്‍ പ്രസിദ്ധമായിരുന്നു.ബന്ധു
മിത്രാധികള്‍ പലഹാരങ്ങളും പഴങ്ങളുമായി വന്ന് വിരുന്നും സത്കാരങ്ങളും
ഒക്കെയായി മൂന്നാം ശീല പൊടി പൊടിയ്‌ക്കും.പിന്നീട് മുറിവൊക്കെ നന്നായി
ഉണങ്ങി കുളിച്ചൊരുങ്ങി കാരണവന്മാരുമൊത്ത് പള്ളിയില്‍ പോകുന്ന ദിവസമാണ്
സാക്ഷാല്‍ ആഘോഷം.
ഗ്രാമത്തിലെ
പടിഞ്ഞാറെക്കരയിലെ വിശാലമായ വയലോരത്ത് നിസ്‌കാര പള്ളിയോട് ചേര്‍ന്നാണ്
ഞങ്ങളുടെ വീട്.വേനല്‍ കാലത്ത് ഉണങ്ങിക്കിടക്കുന്ന വയലില്‍ വലിയ
ആഘോഷമൊരുക്കിയുള്ള മാര്‍ഗ കല്യാണപ്പെരുമ ഓര്‍മ്മയില്‍
മിന്നുന്നുണ്ട്.ഇത്തരം ആഘോഷങ്ങളുടെ പ്രായോജകരാകാനുള്ള അവകാശം
അമ്മാവന്മാരില്‍ നിക്ഷിപ്‌തമായിരുന്നു.അക്കാലത്തെ പ്രസിദ്ധങ്ങളായ സകല വാദ്യ
മേളങ്ങളും ഞങ്ങളുടെ മാര്‍ഗ കല്യാണത്തിന് ഉണ്ടായിരുന്നു.കൂടാതെ
മാപ്പിളക്കലയിലെ പേരുകേട്ട ദഫ് മുട്ടുകാരും, മുട്ടും വിളിക്കാരും,
കോല്‍ക്കളിക്കാര്‍ വേറെയും.കോയമ്പത്തൂരില്‍ നിന്നും തീവണ്ടി മാര്‍ഗം
കൊണ്ടു വന്ന രണ്ട് കുതിരകള്‍ അക്കാലത്തെ വിശേഷപ്പെട്ട
ചര്‍ച്ചയായിരുന്നു.കുളിപ്പിച്ചൊരുക്കി കസവു തുണിയും ജുബ്ബയും
ജിന്നത്തൊപ്പിയും അണിയിച്ച് കുതിരപ്പുറത്ത് വാദ്യമേളങ്ങളുടെ
അകമ്പടിയോടെയായിരുന്നു വലിയ പള്ളിയിലേയ്‌ക്ക് പോയത്.പള്ളി മുറ്റത്തെത്തി
ഹൗദിലെ ചിരട്ട കൈലു കൊണ്ട് വെള്ളം കോരി കാലു കഴുകി പള്ളിയില്‍ കയറി
അംഗസ്‌നാനം ചെയ്‌തു രണ്ട് റകഅത്ത് നിസ്‌കരിച്ച് വീട്ടിലേയ്‌ക്ക്
മടങ്ങി.പള്ളിയിലേ്‌ക്കുള്ള പോക്കും വരവും ആസ്വദിക്കാന്‍ വലിയ ആവേശത്തോടെ
നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു.
സന്ധ്യവരെ നീണ്ടു നിന്ന വിവിധ
വാദ്യപ്പെരുക്കങ്ങളും കൊട്ടും മേളവും ഒരു നാടിന്റെ തന്നെ
ഉത്സവക്കാഴ്‌ചയായിരുന്നു.എല്ലാം ബഹളങ്ങളും ഒരു വിധം ഒതുങ്ങിയപ്പോള്‍
വാത്സല്യത്തോടെ അരികിലേയ്‌ക്ക് ചേര്‍ത്തു പിടിച്ച് ഉപ്പ പറഞ്ഞു. 'ന്റെ
മോനിപ്പം വല്യ ചെക്കനായി ഇനി നേരത്തിന് പള്ളിയില്‍ പോയി
നിസ്‌കരിക്കണം....'ഗൃഹാതുരത്വം നിറഞ്ഞ ഒരു കാലഘട്ടത്തിന് വിട.
ഇന്ന്
കാലം എത്രയോ മാറി.നമ്മുടെ കോലവും.ആതുരാലയങ്ങളും ആധുനിക സൗകര്യങ്ങളും
വികസിച്ചപ്പോള്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ചേലാ കര്‍മ്മം
നടന്നു വരുന്നു.ആനയും അമ്പാരിയും ആഘോഷങ്ങളും എല്ലാം പഴങ്കഥ...
മഞ്ഞിയില്‍
0 comments:
Post a Comment
Note: Only a member of this blog may post a comment.