Tuesday, May 5, 2020

പ്രാര്‍‌ഥനാ പൂര്‍‌വ്വം

തിരുനെല്ലുരിലെ പലവ്യക്തിത്വങ്ങളും ഇവിടെ സ്‌മരിക്കപ്പെട്ടു.അൽഹംദുലില്ലാഹ്, വളരെ സന്തോഷം തോന്നി, തീർച്ചയായും പെരിങ്ങാട്  (അഥവാ തിരുനെല്ലൂർ) ഗ്രാമം, ഇന്ന് ഈ നിലയിൽ അഭിവൃദ്ധിപ്പെടാനും, ഇത്രയും, നാട്ടുകാരായ നമ്മുടെ പെരിങ്ങാട്ടുകാർക്ക് ഖത്തറിൽ എത്തിപ്പെടാനും, ജോലി ചെയ്യാനും.. ഒരു അവസരം,കിട്ടിയതും അതിനു ഒരു  കാരണക്കാരൻ,ആയതും  കിഴക്കയില്‍ സൈയ്‌തു ‌മുഹമ്മദ്‌ക്കയാണ്. അള്ളാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി, കൊടുക്കട്ടെ,സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

അത് പോലെ തന്നെ നമുക്ക്  ഓർമ്മിക്കാൻ ഉള്ളവർ ആണ്, നമ്മളിൽ നിന്നും വിട പറഞ്ഞു പോയ, അബൂബക്കർ ഹാജി വടക്കന്റെ കായിൽ,ഹംസകുട്ടിക്ക പുളിപറമ്പിൽ പാടൂർ, കരീംജി എന്ന് നമ്മൾ വിളിക്കുന്ന അബ്ദുൽ കരീംക്ക,ഇന്ന് ഹയാത്തിൽ നമ്മളോട് ഒപ്പം ജീവിച്ചിരിക്കുന്ന നമ്മുടെ ബാവുമോൻ ഹാജിക്ക, ഇവർ ആണ് നമ്മുടെ നാട്ടിലെ ഗള്‍‌ഫ്‌ നാടിന്റെ ഉത്ഭവ കാരണക്കാർ,  അവരുടെ എല്ലാവരുടെയും, കുടുംബത്തിനോടും, നാടിനോടും, അന്ന് അവർ കാണിച്ച ആത്മാർത്ഥതയാണ്.ഇന്ന് നമ്മുടെ നാടിന്റെ, എല്ലാ നിലക്കും എല്ലാ  മേഖലകളിലും ഉണ്ടായിട്ടുള്ള  നേട്ടങ്ങൾ,പള്ളി, മദ്രസ്സ, അതുപോലെ തന്നെ നാടിന്റെ വികസന കാര്യങ്ങൾ, എല്ലാ രംഗങ്ങളിലും പണ്ട് കാലം മുതൽക്കേ ഖത്തറിൽ നിന്നും മേൽ പറയപ്പെട്ട എല്ലാവരുടെയും,അകമഴിഞ്ഞ സഹായം ഉണ്ടായിട്ടുണ്ട്.  അന്ന് ഖത്തറിൽ ജോലി ചെയ്തു ജീവിച്ചിരുന്ന, ഇന്ന് നമ്മുടെ  നാട്ടിൽ ജീവിച്ചിരിക്കുന്ന, അബ്ദുൽ റഹ്‌‌മാന്‍ ഹാജി,വി.കെ.കാസിം,അതുപോലെ നമ്മളിൽ നിന്നും മരണപ്പെട്ടു പോയ, നമ്മുടെ ആര്‍.കെ.ഇബ്രാഹിം കുട്ടി,പി.ടി മുഹമ്മദ്‌ അലി, എന്നിവർ ഒക്കെ വളരെ അധികം ആത്മാർത്ഥമായി,പ്രവർത്തിച്ചിട്ടുള്ളതാണ്,അന്നത്തെ  അവരുടെ എല്ലാം കൂട്ടമായ പ്രവർത്തന ഫലം ആണ്.. ഇന്ന് നമ്മുടെ നാടിന്റെ വികസനം.നമ്മളും, നമ്മുടെ കുടുംബങ്ങളും,നാടും, എത്ര മാത്രം നന്ദി ഇവരോട് രേഖപ്പെടുത്തിയാലും മതിയാവില്ല,   ഈ നല്ല നാളുകളിൽ ഇനി അവർക്ക് വേണ്ടി നമുക്ക് ദുആ ചെയ്യാം...

മരണപെട്ടു പോയ ആ മഹദ്` വ്യക്തികൾക്ക് അള്ളാഹു ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ,ജീവിച്ചിരിക്കുന്ന നമ്മുടെ ആര്‍.ഒ.കെ  ഹാജിക്ക്‌,മറ്റ് ഖത്തർ കമ്മറ്റിയിലും, മറ്റും പ്രവർത്തിച്ചവർക്കും, ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  എല്ലാവർക്കും,അതുപോലെ  ഇന്നും മുൻഗാമികളുടെ അതേ  പാത പിൻ പറ്റികൊണ്ട്, ഖത്തറിലും, മറ്റ് ഇതര നാടുകളിലും,നാട്ടിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർക്കും തക്കതായ പ്രതിഫലം നൽകി അള്ളഹു അനുഗ്രഹിക്കട്ടെ...

ദീനി വിഷയങ്ങളിലും, നാടിന്റെ വികസനം പ്രവർത്തനം നടത്തുന്നതിലും, ഇന്നും, പൊതു രംഗത്ത് ഉള്ള നന്മയുടെ സഹപ്രവർത്തകർകർക്കും, അതിനു വേണ്ടി അകമഴിഞ്ഞ് സഹായംനൽകുകയും, സഹകരിക്കുകയും, ചെയ്തു കൊണ്ടിരിക്കുന്ന, നാട്ടിലും, വിദേശത്തും, ഉള്ള എല്ലാവർക്കും, അള്ളാഹു ദീർഘായുസ്, ബർകതും, നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

നമ്മുടെ നാടിനും,  നാട്ടുകാർക്കും വേണ്ടി, നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന   എല്ലാവർക്കും,  ആരോഗ്യത്തോട് കൂടിയുള്ള ദീര്‍‌ഘായുസ്സും, ഹിദായതും, നൽകി അള്ളാഹു  അനുഗ്രഹിക്കട്ടെ.   നാളെ ജന്നത്തുൽ ഫിർദൗസിൽ, നമ്മളിൽ നിന്നും  മരണപ്പെട്ടു പോയ എല്ലാവരെയും, നമ്മളെയും ഉൾപ്പെടുത്തി തരട്ടെ ആമീൻ.

ഹനീഫ തട്ടു പറമ്പില്‍
=========
കരീം ജി എന്ന വിളിപ്പേരില്‍ നാട്ടുകാരുടെ പ്രിയങ്കരനായ പരേതനായ അബ്‌ദുല്‍ കരീം സാഹിബ്‌ തിരുനെല്ലൂരിന്റെ പ്രത്യുത മഹല്ലിന്റെ വികസന കാര്യങ്ങളില്‍ ഗള്‍‌ഫിലിരുന്ന്‌ അത്യധ്വാനം ചെയ്‌തവരില്‍ മുന്‍ നിരയിലുള്ള വ്യക്തിത്വമായിരുന്നു.വിട പറഞ്ഞു പോയ, അബൂബക്കർ ഹാജി വടക്കന്റെ കായിൽ,ഹംസകുട്ടി പുളിപറമ്പിൽ,ഇന്ന്‌ നമ്മോടൊപ്പമുള്ള ബാവുമോൻ ഹാജി തുടങ്ങിയ ആത്മാര്‍‌ഥതയുള്ള കാരണവന്മാരാണ്‌ നടിനെ ഗല്‍‌ഫുമായി ബന്ധിപ്പിച്ച ആദ്യ നിരയിലുള്ളവര്‍.അദരണീയ ഈ വ്യക്തികളുടെ ആത്മാർത്ഥതയാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ നിലക്കും എല്ലാ  മേഖലകളിലും ഉണ്ടായിട്ടുള്ള  നേട്ടങ്ങൾ എന്നു പറയാവുന്നതത്രെ.

പള്ളി, മദ്രസ്സ, അതുപോലെ തന്നെ നാടിന്റെ വികസന കാര്യങ്ങൾ, എല്ലാ രംഗങ്ങളിലും പണ്ട് കാലം മുതൽക്കേ ഖത്തറിൽ നിന്നും മേൽ പറയപ്പെട്ട എല്ലാവരുടെയും,അകമഴിഞ്ഞ സഹായം ഉണ്ടായിട്ടുണ്ട്. മേലുദ്ധരിക്കപ്പെട്ടവരോടൊപ്പം അബ്ദുൽ റഹ്‌‌മാന്‍ ഹാജി,വി.കെ.കാസിം,അതുപോലെ പരേതരായ ആര്‍.കെ.ഇബ്രാഹിം കുട്ടി,പി.ടി മുഹമ്മദ്‌ അലി, എന്നിവരൊക്കെ സ്‌മരിക്കപ്പെടേണ്ടവര്‍ തന്നെ.

നാടിനും നാട്ടുകാര്‍‌ക്കും വേണ്ടി നിഷ്‌‌കളങ്കമായി പ്രവര്‍‌ത്തിച്ച ജിവിച്ചിരിക്കുന്നവര്‍‌ക്കും മണ്‍‌മറഞ്ഞവര്‍‌ക്കും വേണ്ടി നമുക്ക്‌ പ്രാര്‍‌ഥിക്കാം.
==========
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

Saturday, July 1, 2017

പുരാവൃത്തങ്ങളില്‍ ഒരു ദേശത്തിന്റെ വായന

ജീവിതത്തിലെ അനുവദിക്കപ്പെട്ട ആയുസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ അഞ്ചര പതിറ്റാണ്ടുകള്‍! ദശീര്‍ഘമായ ഒരു പകലിന്‍റെ അവസാനത്തില്‍ പതുങ്ങിയെത്തുന്ന സന്ധ്യയുടെ മങ്ങിയ നിഴലിലേക്ക് ചാരിയിരുന്ന് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സില്‍ ഓര്‍മകളുടെ സാഗരം അലയടിക്കുന്നു.

പിന്‍ നടന്നു പോയത് അങ്ങനെയൊരു കാലം!
ഓര്‍മ്മകളുടെയും, അനുഭവങ്ങളുടെയും അടരുകള്‍ വേര്‍തിരിക്കുമ്പോള്‍ കേള്‍ക്കുന്നുണ്ട് , കാലമാപിനിയില്‍ നിന്നുള്ള മണിയൊച്ചകള്‍ ഒരര്‍ത്ഥത്തില്‍ ആ മണിയടികള്‍ സ്വന്തം ഹൃദയമിടിപ്പുകള്‍ തന്നെയാണ്.

തോരാതെ പെയ്യുന്ന ഇടവപ്പാതി രാത്രിയുടെ ഏതോ യാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയിലെ മുനിഞ്ഞു കത്തുന്ന പാനീസ് വിളക്കിന്‍റെ മങ്ങിയ വെളിച്ചത്തിലേക്ക് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കണ്‍മിഴിച്ച ആ നിമിഷം മുതല്‍ ഇതെഴുതുന്ന കാലം വരേക്കും ഒരു ഷോര്‍ട്ട്‌ ബ്രേക്ക്  പോലും എടുക്കാതെ നിരന്തരം സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ഹൃദയമേ, നന്ദി!.

ജീവിതയാത്രയില്‍ പിന്നിട്ടുപോയ ഭൂതകാലത്തെ കുറിച്ചും ആ കാലത്തിന്‍റെ കൈവഴികളിലൂടെ അഭിമുഖീകരിച്ച അനുഭവങ്ങളുടെ വഴിയടയാളങ്ങളെക്കുറിച്ചും എഴുതാന്‍ തുടങ്ങുബോള്‍ ഓര്‍മ്മകള്‍ ചെന്നെത്തുന്നത് 1960 കളുടെ അവസാനത്തിലേക്കാണ്.

പ്രകൃതിയുടെ ജൈവികമായ താളക്രമങ്ങളില്‍ മാറിമാറിയെത്തുന്ന ഋതുഭേദങ്ങളില്‍ ഒരു ദേശത്തിന്‍റെ പൗരാണികമായ ചിത്രങ്ങളെ പൊടിതട്ടിയെടുക്കുകയെന്നത് അല്‍പം ക്ലേശകരമാണെങ്കിലും ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ കാലവും, ദേശവും മാപ്പു തരില്ലെന്ന് തിരിച്ചറിയുന്നു.

അരനൂറ്റാണ്ടിന്നപ്പുറമുള്ള തിരുനെല്ലൂര്‍ എന്ന തീരദേശഗ്രാമത്തിന്‍റെ നിഷ്കളങ്കമായ ഒരു മുഖം മങ്ങലേല്‍ക്കാതെ ഇന്നും ഉള്ളിലുണ്ട്. ദാരിദ്രത്തിന്‍റെയും, അര്‍ദ്ധപട്ടിണിയുടെയും ഇല്ലായ്മകളുടെയും ഭാരം ചുമന്ന് ജാതി മത വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി യഥാര്‍ത്ഥ മനുഷ്യരായി ജീവിച്ചിരുന്നവര്‍ പരസ്പര സ്നേഹവും സാഹോദര്യവും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നവര്‍. ബന്ധങ്ങളുടെ ഇഴയടുപ്പം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചവര്‍ നമ്മുടെ പൂര്‍വ്വ സൂരികള്‍ അവര്‍ക്കൊപ്പം ജീവിക്കാന്‍ സാധിച്ചു എന്നത് വലിയ സൗഭാഗ്യമാണ്. ജീവിതത്തില്‍ നിന്നും മടങ്ങിപ്പോയ ആ കാരണവന്മാരുടെ അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ അദ്ധ്യാപകരുടേയും അനുഗ്രഹങ്ങള്‍ തന്നെയാണ് ഇതെല്ലാം അടയാളപ്പെടുത്താന്‍ പ്രേരകമായത്.

കേരളത്തിലെ മറ്റേതൊരു സാധാരണ ഗ്രാമത്തെയും പോലെ ദാരിദ്രത്തിന്‍റെ ഒരു മുഖം തിരുനെല്ലൂരിനും ഉണ്ടായിരുന്നു.

മഴക്കാല സന്ധ്യകളില്‍ മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുബോള്‍ കഞ്ഞിക്ക് വകകണ്ടെത്താനാകാതെ നെഞ്ചുരുകിയിരിക്കുന്ന നിസ്സഹായരായ എത്രയെത്ര മുഖങ്ങള്‍.

തന്നേക്കാള്‍ സാമ്പത്തികമായി അല്‍പം ഭേദപ്പെട്ട അയല്‍പ്പക്കത്തു നിന്നും അഞ്ചോ ആറോ പിടി അരി കടമായി വാങ്ങി ഉടുതുണിയുടെ കോന്തലയില്‍ കെട്ടി ഭദ്രമായി ചേര്‍ത്തു പിടിച്ച് ചാറ്റല്‍ മഴ നനഞ്ഞ് ഇരുട്ടിലൂടെ ധൃതിയില്‍ പുരയിലേക്ക് നടന്നകലുന്ന ഒരമ്മ. അടുത്ത വീട്ടില്‍ നിന്നും ഉണങ്ങിയ ചകിരിയില്‍ മൂന്നോ, നാലോ തീക്കനല്‍ കോരിയിട്ട് ഊതിയൂതി തീപടര്‍ത്തി തന്‍റെ പുരയിലെ അടുപ്പ് ലക്ഷ്യമാക്കി പോകുന്ന മറ്റൊരു വീട്ടമ്മ. പാകപ്പെടുത്തിയ ആഹാരത്തില്‍ നീക്കിയിരിപ്പുണ്ടെങ്കില്‍ പരസ്പരം കൈമാറുന്ന ഊഷ്മളമായ അയല്‍പക്ക ബന്ധങ്ങള്‍. സന്ധ്യാമയക്കത്തില്‍ കളിമണ്ണ് മെഴുകിയ കോലായില്‍ വിരിച്ചിട്ട പുല്‍പ്പായയില്‍ റാന്തലിന്‍റെയും, പാനീസിന്‍റെയും, പാട്ടവിളക്കിന്‍റേയുമെല്ലാം ഇത്തിരിവെട്ടത്തിലിരുന്ന് ദിക്കറും, സ്വലാത്തും നാമജപവുമെല്ലാം നീട്ടിനീട്ടി ചൊല്ലിയിരുന്ന കുട്ടികളുടെ താളാത്മകമായ ഒച്ചകള്‍. മതില്‍കെട്ടുകളില്ലാത്ത അയല്‍പ്പക്കങ്ങളിലെ അതിര്‍ത്തികള്‍ ഏതൊരു വീട്ടുകാരുടെ മുറ്റത്തു കൂടിയും ഏത് പാതി രാത്രിയിലും അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ നടന്നു പോകാന്‍ അനുവദിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യം. സംശയക്കണ്ണുകളില്ല, ചോദ്യങ്ങളില്ല, ഒളിഞ്ഞുനോട്ടങ്ങളില്ല, സംശുദ്ധമായിരുന്നു മനസ്സുകള്‍. രാത്രിയേറെ വൈകും മുമ്പ് ഉള്ളത് കഴിച്ച് വിനോദങ്ങള്‍ക്കൊന്നും അവസരങ്ങളില്ലാതെ മണ്ണെണ്ണ വിളക്കുകള്‍ ഊതിക്കെടുത്തി ഉറക്കത്തിലേക്ക് പടിയിറങ്ങുന്ന ഗ്രാമം.

നാട്ടില്‍ ബഹുഭൂരിപക്ഷവും ഓലപ്പുരകളായിരുന്നല്ലോ ഉറക്കത്തിനായി കാത്തുകിടക്കുമ്പോള്‍ മേലോട്ടു നോക്കിയാല്‍ ചിതല്‍തിന്ന ഓലപ്പഴുതുകളിലൂടെ ആകാശം കാണാം. ചന്ദ്രനെയും, നക്ഷത്രങ്ങളേയും കാണാം. രാത്രിയില്‍ സഞ്ചരിക്കുന്ന കിളികളുടെ ചിറകടിയൊച്ചകള്‍ കേള്‍ക്കാം. നാലോ, അഞ്ചോ വീടുകള്‍പ്പുറത്ത് ഒരു കുഞ്ഞ് കരഞ്ഞാല്‍ പോലും വ്യക്തമായി കേള്‍ക്കാം. രാത്രികളുടെ നിശബ്ദതയ്ക്ക് സമാനതകള്‍ ഇല്ലായിരുന്നു.

മണ്ണിഷ്ടിക കൊണ്ടും ചവിട്ടിക്കുഴച്ച് പാകപ്പെടുത്തിയ കളിമണ്ണ് വാരിപ്പൊത്തിയും കെട്ടിപ്പൊക്കിയ നാല് ചുമരുകളുടെയും അതിനു മുകളില്‍ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയില്‍ മേഞ്ഞ ഓലകളുടേയും പരിമിതമായ ആ സുരക്ഷിതത്വം പില്‍ക്കാല ജീവിതത്തില്‍ മറ്റെങ്ങു നിന്നും ലഭിച്ചിട്ടില്ല.

കൊള്ളിയും, കൂര്‍ക്കയും, ചേമ്പും, കാവത്തും, ചീരയും, പയറുമൊക്കെ ഓരോ വീട്ടതിര്‍ത്തികളിലും അടുക്കളമുറ്റങ്ങളിലും കൃഷി ചെയ്തിരുന്നു. പോഷകഗുണമുള്ള കറുമൂസ് (പപ്പായ) മിക്കവാറും വീട്ടുമുറ്റങ്ങളില്‍ കാവല്‍ നിന്നിരുന്നു. അത് ഓരോ വീട്ടമ്മമാരുടേയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. അതൊരു കാര്‍ഷിക സംസ്കാരം കൂടിയായിരുന്നു. വളങ്ങള്‍  ആവശ്യമുണ്ടായിരുന്നില്ല. ഏത് മണ്ണും വളക്കൂറുള്ളതായിരുന്നു. അതുകൊണ്ടാണ് മഴക്കാലങ്ങളില്‍ മുറ്റത്തും, പറമ്പിലും നടക്കുന്നവരുടെ കാല്‍ വിരലുകള്‍ക്കിടയില്‍ പൂപ്പല്‍(വളംകടി) ഉണ്ടായിരുന്നത്.

ആര്‍ഭാടങ്ങള്‍ സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലം. ഭൂമിയോളം താഴ്ന്ന ലാളിത്യത്തിന്‍റെ ഊഷ്മളമായ കാലം. റേഡിയോ അപൂര്‍വ്വ വസ്തുവായിരുന്നല്ലോ. റാലി, ഹെര്‍ക്കുലീസ് പോലുള്ള സൈക്കിള്‍ സ്വന്തമായുണ്ടാവുക എന്നത് അക്കാലത്തെ യുവാക്കളുടേയും, കൗമാരക്കാരുടേയും വലിയ സ്വപ്നങ്ങളായിരുന്നല്ലോ. രണ്ടില്‍ കൂടുതല്‍ ട്രൗസറും കുപ്പായങ്ങളും പാവാടയുമെല്ലാം ഇല്ലാത്തവരായിരുന്നല്ലോ വിദ്യാര്‍ത്ഥികള്‍. കല്ല്യാണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ഓണം, പെരുന്നാള്‍, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ചായിരുന്നല്ലോ സുഭിക്ഷമായി ആഹാരം കഴിക്കാന്‍ സാധിച്ചിരുന്നത്.

പാടത്തെ പീടികയെന്ന ഗ്രാമഹൃദയം നിരപ്പലകയിട്ട ലാസറേട്ടന്‍റെയും, വര്‍ക്കിച്ചേട്ടന്‍റെയും പലചരക്ക് പീടികകള്‍. ഹലീമത്താടെയും, അപ്പുക്കുട്ടന്‍റെയും ചായക്കടകള്‍. സെയ്തുക്കാടെ മുട്ടായിപ്പീടിക നിരത്തിവച്ച ചില്ലു ഭരണിയിലിരുന്ന് ചിരിച്ച് കൊതിപ്പിച്ചിരുന്ന നാരങ്ങസത്ത്, കമറ്കട്ട്, കപ്പലണ്ടിമുട്ടായി, കാരക്കമുട്ടായി, എള്ള്മുട്ടായി, കൂട്ടത്തില്‍ സിസേഷ്സിന്‍റെയും പാസ്സിങ്ങ്ഷോ, സിഗററ്റിന്‍റെയും പായ്ക്കറ്റുകളുടെ വശ്യമായ ആകര്‍ഷണീയത. അതില്‍ നിന്നൊരെണ്ണം ചുണ്ടില്‍ വച്ച് കത്തിച്ച് പുകയൂതിവിടാനുള്ള ആഗ്രഹങ്ങള്‍. ലക്ഷ്മണന്‍റെ അച്ഛനമ്മമാരുടെ (കോയപ്പന്‍, നാരായണി) പച്ചക്കറികള്‍. സിമന്‍റ് തേപ്പുകള്‍ അടര്‍ന്നു പോയ പീടികക്കോലായയിലാണ് കൊള്ളിയും, ചേനയും, മത്തങ്ങയും, തക്കാളിയും, കോല്‍പ്പുളിയുമൊക്കെ നിരത്തിയിട്ടിരുന്നത്. സി.പി. യുടെ സ്റ്റേഷനറിക്കട അല്‍പം വിപുലമായിരുന്നു. പൗഡറും, കണ്‍മഷിയും, കണ്ണാടിയും, ടൂത്ത്പേസ്റ്റും, ബ്രഷും, നോട്ടുപുസ്തകവും, പേനയും, പെന്‍സിലും തുടങ്ങിയ സാധനങ്ങള്‍ക്ക് തോമസിന്‍റെ സ്റ്റേഷനറിക്കടയെ തന്നെ ആശ്രയിക്കണമായിരുന്നു.

ഈയ്യിടെ തോമസുമായി സംസാരിക്കുന്നതിനിടെ പഴയകാലം ഓര്‍മ്മി ച്ചുകൊണ്ടദ്ദേഹം പറഞ്ഞു. പാടത്തെ പീടികയില്‍ ഞാന്‍ കച്ചവടം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്ന് തീര്‍ച്ചയായും രേഖപ്പെടുത്തേണ്ട ചരിത്രത്തിന്‍റെ ഭാഗമാണ് തോമസ്. അദ്ദേഹത്തിന്‍റെ കണ്‍മുന്നിലൂടെ രണ്ട്മൂന്ന് തലമുറകള്‍ കടന്നുപോയിരിക്കുന്നു. പാടത്തെ പീടികയുടെ സാന്നിദ്ധ്യമായി ഇന്നും കച്ചവടരംഗത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്നു അദ്ദേഹം.

പാടത്തെ പീടികയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലെ ഓരോ അടുക്കളയിലും, അടുപ്പുകളില്‍ തീ പുകഞ്ഞിരുന്നത്.

എഴുപതുകളില്‍ ചങ്ങാതിക്കുറികള്‍ സജീവമായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാക്കുബോള്‍ ചങ്ങാതിക്കുറി നടത്താനുദ്ദേശിക്കുന്ന സ്ഥലവും ദിവസവും സമയവും പരിചയക്കാരെയും മറ്റ് വേണ്ടപ്പെട്ടവരേയും അറിയിക്കും. അന്നേ ദിവസം ഓരോരുത്തരായി വരും. പ്രത്യേകം തയ്യാറാക്കിയ ചായയും പലഹാരവും കഴിക്കും. തിരിച്ചു പോകുന്നതിനു മുമ്പ് അഞ്ചോ പത്തോ രൂപ സഹായധനമായി ഏല്‍പ്പിക്കും (പണം സ്വീകരിക്കാന്‍ ചങ്ങാതിക്കുറി നടത്തുന്ന ആള്‍ നിയോഗിച്ച വ്യക്തി നോട്ടുപുസ്തകവും പേനയുമായി തയ്യാറായി ഇരിപ്പുണ്ടാകും) ഹലീമത്താടെ ചായക്കടയിലാണ് മിക്കവാറും ചങ്ങാതിക്കുറികള്‍ നടന്നിരുന്നത്.

ഗ്രാമത്തിന്‍റെ ചാലക ശക്തിയായിരുന്നു തപാലാപ്പീസ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പത്തുമണിയാകുമ്പോഴേക്കും പോസ്റ്റോഫീസിന്‍റെ പരിസരങ്ങളില്‍ ആളുകള്‍ വന്നു കൂടും. പോസ്റ്റല്‍ ഉരുപ്പടികള്‍ ചാക്കില്‍ നിക്ഷേപിച്ച് അരക്ക് ഒട്ടിച്ച് പ്രധാന പോസ്റ്റോഫീസിന്‍റെ സീല്‍വച്ച് കാക്കിനിറമുള്ള ആ ചാക്ക് ഇടതു തോളിലിട്ട് വലതുകൈയില്‍ തൂക്കിപിടിച്ച മണികിലുക്കി പാങ്ങില്‍ നിന്നും യൂണിഫോമില്‍ അപ്പുക്കുട്ടന്‍ വരുന്നത് കണ്ടാല്‍ എല്ലാവരും ഒതുങ്ങി നില്‍ക്കും.

ഉപജീവനമാര്‍ഗ്ഗം തേടി ഗ്രാമത്തില്‍ നിന്നും മദിരാശിയിലും, ബോംബെയിലും, കോയമ്പത്തൂരും, സിലോണിലും, മലേഷ്യയിലും ദുബായ്, ഖത്തര്‍ പോലുള്ള അറബ് രാജ്യങ്ങളിലും എത്തിപ്പെട്ട ഗ്രാമയുവതയുടെ കണ്ണീരും, വിയര്‍പ്പും പുരണ്ട കത്തുകളും മണിയോര്‍ഡറുകളും അതുപോലെ രജിസ്ട്രേഡ് കത്തുകളില്‍ ഭദ്രമായടക്കം ചെയ്ത വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നുള്ള ഡ്രാഫ്റ്റുകളും ആ ചാക്കിനുള്ളിലുണ്ടായിരിക്കും. എത്രയോജീവിതങ്ങളുടെ സ്വപ്നങ്ങളും നെടുവീര്‍പ്പുകളും വിരഹത്തിന്‍റെ കണ്ണുനീരുപ്പും കലര്‍ന്ന ഹൃദയ വ്യഥകളും തുടിക്കുന്ന അറബ് രാജാക്കന്മാരുടെ തപാല്‍ മുദ്രയൊട്ടിച്ച എത്രയെത്ര എയര്‍മെയില്‍ കവറുകള്‍.

ചാക്ക് തുറന്ന് തപാല്‍ ഉരുപ്പടികളില്‍ സീല്‍ ചെയ്തു കഴിഞ്ഞ് ശിപായി കൊച്ചാപ്പു മാപ്പിള കത്തുകളെല്ലാം ഇടതുകൈയില്‍ ക്രമമായി അടുക്കി  പോസ്റ്റോഫിസിന്‍റെ വാതില്‍ക്കല്‍ നിന്ന് അവിടെ കൂടിനില്‍ക്കുന്നവരെയെല്ലാം ആകെയൊന്ന് വീക്ഷിക്കും. ആ നോട്ടത്തില്‍ ആരൊക്കെ സന്നിഹിതരായിട്ടുണ്ടെന്ന്  അദ്ദേഹം മനസ്സിലാക്കും. പിന്നീട് കത്തുകളുടെ സഞ്ചാരം വായുവിലൂടെയാണ്. ഓരോരുത്തരും നില്‍ക്കുന്ന സ്ഥാനം ലക്ഷ്യമാക്കി കത്തുകള്‍ അദ്ദേഹം എറിഞ്ഞു കൊടുക്കും. അത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യും.

വൈകുന്നേരങ്ങളില്‍ പാടത്തെ പീടികയെന്ന അങ്ങാടിയെ സജീവമാക്കിയിരുന്നതില്‍ പഞ്ചായത്ത് വക റേഡിയോക്കും മുഖ്യ സ്ഥാനമുണ്ടായിരുന്നു. കമ്പോള നിലവാരവും വയലും വീടും വാര്‍ത്തകളും സിനിമാപാട്ടുകളും കേള്‍ക്കാന്‍ ക്ഷമയോടെ കാത്തുനിന്നിരുന്ന ഒരു തലമുറ ഇന്നും സ്മരണയിലുണ്ട്.

ഗ്രാമത്തില്‍ നിന്നും ജീവിതത്തിന്‍റെ അനന്തമായ മറുകരകള്‍ തേടി ഒട്ടും സുരക്ഷിതമല്ലാത്ത ചരക്ക് ലോഞ്ചുകളില്‍ ജീവിതം അറബിക്കടലിന് സമര്‍പ്പിച്ച് ഉഷ്ണക്കാറ്റ് മണല്‍ നഗരങ്ങളിലെ സൗഭാഗ്യങ്ങള്‍ തേടിപ്പോയ ആദ്യ കാലത്തെ ഗള്‍ഫ് യാത്രക്കാര്‍. സുലൈമാന്‍ എന്ന സഹോദരനെ അങ്ങനെയൊരു ലോഞ്ച് യാത്രയിലാണ് അറബിക്കടല്‍ നക്കിയെടുത്തത്. അദ്ദേഹത്തിന്‍റെ സ്മരണകള്‍ നാലരപതിറ്റാണ്ടുകള്‍ പിന്നിടുന്നു.

മതിയായ രേഖകളുടെ പിന്‍ബലത്തില്‍ പില്‍ക്കാലത്ത് നാട്ടിലെ യുവാക്കള്‍ മണല്‍ നഗരങ്ങളിലേക്ക് ചേക്കേറി ഏതു തരം തൊഴിലെടുക്കാനും തയ്യാറായിരുന്നു അവര്‍. അവരിലൂടെയാണ് നാട്ടിലെ ദാരിദ്രത്തിന് പരിഹാരമുണ്ടായത്. ഓലപ്പുരകളുടെ സ്ഥാനത്ത് വാര്‍പ്പ് കെട്ടിടങ്ങള്‍ (വീടുകള്‍) ഉണ്ടായത്. സഹോദരിമാര്‍ പൊന്നും, പണവുമായി അന്തസ്സോടെ വിവാഹിതരായത്. ഗ്രാമത്തിലേക്ക് പുതിയ സൗഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നത്. ഗ്രാമത്തിന്‍റെ മുഖഛായ തന്നെ മാറിയത്.

1970 കളുടെ ആരംഭത്തിലാണ് മണ്ണെണ്ണ വിളക്കുകളുടെ സ്ഥാനത്ത് നാട്ടിലെ മിക്കവാറും വീടുകളില്‍ ബള്‍ബുകളും ട്യൂബുലൈറ്റുകളും തെളിഞ്ഞു കത്താന്‍ തുടങ്ങിയത്. ആ കാലഘട്ടത്തില്‍ തന്നെയാണ് പാടത്തെ പീടികയില്‍ നിന്നും തെക്കോട്ടുള്ള പഞ്ചായത്ത് റോഡ് നവീകരിച്ചതും നാല് ചക്രവാഹനങ്ങള്‍ ഓടിത്തുടങ്ങിയതും. പുരോഗമനപരമായ ആ സാമൂഹിക ഉണര്‍വ്വുകള്‍ക്ക് നേതൃത്വം നല്‍കിയ അഹമ്മദ്ക്ക, പരീത്ക്ക, അധികാരി കാദര്‍ക്ക തുടങ്ങിയ വ്യക്തികളോട് നമ്മുടെ ഗ്രാമം എക്കാലവും കടപ്പെട്ടിരിക്കുന്നു.

എത്രയോ തലമുറകള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ എ.എം.എല്‍.പി. സ്കൂള്‍ തന്നെയാണ് ഗ്രാമത്തിന്‍റെ മുഖശ്രീ. മുഹമ്മദ് മാഷ്, സുധാലത ടീച്ചര്‍, ചാക്കുണ്ണിമാഷ്, ഏല്യക്കുട്ടി ടീച്ചര്‍, പോള്‍മാഷ്, സരോജിനി ടീച്ചര്‍, ഹാജിയാര്‍  മാഷ് (അദ്ദേഹത്തെ അങ്ങനെയാണ് അന്ന് എല്ലാവരും സംബോധന ചെയ്തിരുന്നത്. അറബിക്ക് അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് അന്നും ഇന്നും അറിയില്ല) ജോസ് മാഷ്, ഔസേപ്പുണ്ണി മാഷ്......ഋഷിതുല്യരായിരുന്നു ആ അദ്ധ്യാപകര്‍. ആ കാലഘട്ടത്തില്‍ മാസത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന സാഹിത്യസമാജം പില്‍ക്കാലത്ത് എഴുത്ത് ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രസംഗിക്കാനും ആ സാഹിത്യ സമാജത്തിലൂടെയാണ് സാധ്യമായത്.

കുട്ടികളുടെ മനസ്സുകളില്‍ ഏതെല്ലാമോ പേടികളുടെ വിത്തുകള്‍ പാകിയ ഗ്രാമത്തിന്‍റെ പുരാവൃത്തങ്ങള്‍. പടിഞ്ഞാറെ കരയില്‍ നിന്നും വല്യവരമ്പിലൂടെ ചെന്നെത്തുന്ന കിഴക്കെകരയിലെ പുന്നച്ചുവടും, മാക്കിരി പറമ്പും പ്രേതപിശാചുക്കളും വിഷ ജീവികളും, ഇഴജന്തുക്കളുമെല്ലാം അവിടെ സമ്മേളിച്ചിരുന്നു എന്ന സങ്കല്‍പ്പങ്ങള്‍. വേനല്‍ക്കാലങ്ങളില്‍ ചന്ദ്രനുദിക്കാന്‍ വൈകുന്ന രാത്രികളില്‍ കൊയ്തൊഴിഞ്ഞ പാടത്ത് ഇടക്കിടെ മിന്നിമറഞ്ഞിരുന്ന കത്തിച്ച ഓലച്ചൂട്ടിന്‍റെ മങ്ങിയ തീനാളങ്ങള്‍. ഹൂം.....ക്രീ.......എന്ന ഹൂങ്കാരവങ്ങളോടെ പുന്നച്ചോട്ടില്‍ നിന്നും പുറപ്പെട്ട് വല്യ വരമ്പ് മുറിച്ചുകടന്ന് വരിതെറ്റാതെ തണ്ണീര്‍ക്കായലിന്‍റെ ഓരത്തു കൂടി കണ്ണന്‍കാട് ലക്ഷ്യമാക്കി ഭൂമിയില്‍ തൊടാതെ ഒഴുകിയകന്നു പോകുമായിരുന്ന പൊട്ടിയും മക്കളും എന്ന വലിയ സങ്കല്‍പ്പം.....

എഴുപതുകളുടെ ആരംഭത്തില്‍ നാടിന്‍റെ വിശ്വാസങ്ങളിലേക്ക് അന്ധവിശ്വാസത്തിന്‍റെ മേലങ്കിയുമായി ഒരു ദൂതനെപ്പോലെ കടന്നെത്തിയ ഫത്താഹ് എന്ന മതിഭ്രമമുള്ള ഒരാളിലേക്ക് നാട്ടുകാര്‍ ആകര്‍ഷിക്കപ്പെട്ടത് ആ കാലഘട്ടത്തിലെ പ്രധാന സംഭവമായിരുന്നു. അയാള്‍ പണ്ഡിതനാണെന്നും അനേകം കറാമത്തുകളുള്ള വ്യക്തിയാണെന്നും ജനം വിശ്വസിച്ചു. അയാളുടെ നാട്ടുസഞ്ചാരങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ അനുഗമിക്കുന്നവരുണ്ടായിരുന്നു.. ബാധകള്‍ അകലാനും അസുഖങ്ങള്‍ ഭേദപ്പെടുത്താനും ഉദ്ദിഷ്ടകാര്യങ്ങള്‍ക്കും അയാളെ സമീപിക്കാന്‍ സ്ത്രീകളും, പുരുഷന്മാരും മടി കാണിച്ചില്ല. ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിച്ചു കൊണ്ട് പീന്നീടൊരുനാള്‍ അയാള്‍ അപ്രത്യക്ഷനായി.

നാടിന്‍റെ കലാകായികരംഗം ഫ്രന്‍സ് അസോസിയേഷന്‍ എന്ന സംഘടനയിലൂടെയാണ് പ്രവര്‍ത്തിച്ചിരുന്നത് ഫ്രന്‍സ് അസോസിയേഷന്‍ പിന്നീട് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് ക്ലബ്ബ് എന്ന പേരിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ആ വര്‍ഷത്തില്‍ (1976) തന്നെയാണ് ചേറ്റുവയില്‍ വച്ച് നടന്ന സഹീദ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനലില്‍ വിജയിച്ച് മുഹമ്മദന്‍സ്‌ സ്പോര്‍ട്ടിങ്ങ് ചരിത്രം കുറിച്ചത്. ട്രോഫിയില്‍ മുത്തമിട്ടു കൊണ്ട് ആര്‍പ്പു വിളികളോടെ ചേറ്റുവയില്‍നിന്നും വഞ്ചി തുഴഞ്ഞെത്തിയ ഗ്രാമയുവത്വത്തെ എതിരേല്‍ക്കാന്‍ പുഴയോരത്ത് സന്ധ്യാമയക്കത്തില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ പ്രായഭേദമന്യേ ഒരു കൂട്ടം തന്നെ കാത്തുനിന്നിരുന്നു.

മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് ക്ലബ്ബിന്‍റെ ഒന്നാംവാര്‍ഷികത്തോടനുബന്ധ നാടിന്‍റെ ചരിത്രത്തില്‍ ആദ്യമായി 1977-ല്‍ സ്കൂള്‍ മുറ്റത്ത് അരങ്ങേറിയ മരട്‌ രഘുനാഥിന്‍റെ തരംഗങ്ങള്‍ എന്ന നാടകം (നാടകത്തിലെ പാട്ടുകള്‍ ഒരുക്കിയത് അസീസ് മഞ്ഞിയില്‍ ആയിരുന്നു) നാടകം തുടങ്ങി രണ്ട് രംഗങ്ങള്‍ പിന്നിടുമ്പോഴേക്കും തകര്‍ത്തു പെയ്ത മഴയില്‍ കുതിര്‍ന്നു പോയ നാടക സ്വപ്നങ്ങള്‍. (കൃത്യം ഒരാഴ്ച തികയുന്ന ദിവസത്തില്‍ തന്നെ ആ നാടകം വീണ്ടും ആ കാലഘട്ടത്തില്‍ ഇരുപത് വയസ്സില്‍ താഴെയുള്ള കൗമാരക്കാര്‍ നാടകം കളിക്കാന്‍ കാണിച്ച തന്‍റേടവും ആര്‍ജ്ജവവും സ്മരണീയമാണ്.

നാടിന്ന് ഉത്സവഛായ പകര്‍ന്നു കൊണ്ട് ആണ്ടറുതികളില്‍ കാഞ്ഞിരമറ്റം ഔലിയയുടെ സ്മരണാര്‍ത്ഥം ആഘോഷിച്ചിരുന്ന കൊടികയറ്റം നേര്‍ച്ച. ചുമരുകള്‍ വെള്ളതേച്ചും വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വൃത്തിയാക്കിയും മുന്നൊരുക്കങ്ങള്‍ നടത്തിയും നേര്‍ച്ച ദിനത്തിനായി നാട് കാത്തിരിക്കും. നേര്‍ച്ചക്ക് നാല്നാള്‍ മുമ്പ് മുട്ടുംവിളി സംഘം നാടുചുറ്റാന്‍ തുടങ്ങും. തലേ ദിവസം വന്നെത്തുന്ന ആനകളും മേളക്കാരും പൊന്നേങ്ങാടത്ത് തറവാട്ടില്‍ നിന്നു തുടങ്ങിയ ആരാധന കലകളുടെ അകമ്പടിയോടെ പള്ളിയിലേക്കെത്തുന്ന രാത്രി നാട്ടുകാഴ്ചകള്‍. രാത്രിയില്‍ മേളങ്ങള്‍ നിലനില്‍ക്കുബോള്‍ അരങ്ങേറിയിരുന്ന ആലപ്പി അസീസ് , റംലാബീഗം, ഐഷാബീഗം, ഫാരിഷ ബീഗം എന്നിവരുടേയെല്ലാം ബദുല്‍മുനീര്‍ഹുസനുല്‍ ജമാല്‍, ബദര്‍യുദ്ധ ചരിത്രം, ഉഹദ്‌ യുദ്ധചരിത്രം കഥാപ്രസംഗങ്ങള്‍.

ചെറിയ-വലിയ പെരുന്നാള്‍ ദിനങ്ങളിലും ഞായറാഴ്ച പോലുള്ള ഒഴിവു ദിവസങ്ങളിലുമെല്ലാം കിഴക്കേകരയിലെ മഞ്ഞിയില്‍ പറമ്പില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ കളിച്ചിരുന്ന ഒരു കരുമച്ചംപെണ്ണുണ്ടോ, ഉപ്പും പക്ഷിയും, മേഡാസ്, കൊച്ചം കുഞ്ഞിക്കളി, കുട്ടിയും കോലും, കോട്ടികളി, കല്ല്കളി, കള്ളനും പോലീസും എന്നിങ്ങനെ കളിച്ചാസ്വദിച്ചിരുന്ന ബാല്യകൗമാരങ്ങള്‍.

നാട്ടുനന്മകളാല്‍ സമ്പന്നമായ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും അക്ഷയഖനിയായ തിരുനെല്ലൂര്‍ ഗ്രാമത്തിന്‍റെ രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്രവും സംസ്കാരവും പിന്നിട്ടുപോയ ഊഷ്മളമായൊരു കാലഘട്ടത്തിന്‍റെ രേഖാചിത്രങ്ങളും അടയാളപ്പെടുത്താന്‍ ഈ സ്മരണയുടെ എല്ലാ താളുകളും മതിയാവുകയില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഈ ലേഖനത്തിന്‍റെ ശീര്‍ഷകം സൂചിപ്പിക്കുന്ന പുരാവൃത്തങ്ങളില്‍ ഒരു ദേശത്തിന്‍റെ വായന എന്ന അതേ പേരില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നോവലില്‍ ഒട്ടേറെ അനുഭവങ്ങള്‍ വ്യത്യസ്തരായ കഥാപാത്രങ്ങളിലൂടെ പുനരാവിഷ്കരിക്കാന്‍ സാധിക്കും എന്നാണെന്‍റെ പ്രതീക്ഷയും പ്രാര്‍ത്ഥനയും കാലത്തിന്‍റെ ഗതിമാറ്റങ്ങളില്‍ മനസ്സിന്‍റെ ജാലകങ്ങള്‍ തുറന്നുവച്ച് ഓര്‍മ്മകളെ വീണ്ടെടുക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു.

റഹ്‌മാന്‍ തിരുനെല്ലൂര്‍

Sunday, April 16, 2017

വിസ്‌മൃതരാവാത്ത വ്യക്തിത്വങ്ങള്‍

തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബോംബയിൽ വെച്ച് കമ്മറ്റിക്ക് രൂപം കൊടുത്ത് കൊണ്ട് പെരിങ്ങാട്ടുകാരുടെ സ്വന്തം സെക്രട്ടറിയെന്ന നാമയേധത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു  ആർ.പി ഹമീദ് സാഹിബ്‌.

പൂര്‍‌വകാല കാല സേവന പ്രവര്‍‌ത്തനങ്ങളെ കുറിച്ച് മുതിര്‍ന്ന അംഗങ്ങളില്‍ നിന്നും വിശദമായി മനസ്സിലാക്കിയപ്പോഴാണ്‌ ഇക്കാലത്തെ പ്രവർത്തനങ്ങളൊന്നും പൂര്‍‌വ്വീകരുടെ സേവനങ്ങളുമായി താരതമ്യം നടത്താന്‍ പോലും യോഗ്യമല്ലെന്നു വിലയിരുത്തപ്പെട്ടത്.അമ്പതുകളില്‍ ബോംബയിൽ ഉണ്ടായിരുന്ന അബു  ബാവ, കാദർ പരീകുട്ടി,ചിറക്കൽ മുഹമ്മദ് ഹാജി,തട്ടുപറമ്പിൽ.ഖാദർ,വി.എസ്.സെയ്‌തു മുഹമ്മദ്,കെ.വി അബൂബക്കർ,എൻ.എം.അബു,ആർ.കെ.ഇബ്രാഹിം,കുട്ടി,കൊട്ടിന്റെ കായില്‍ സുലൈമാൻ ,കൊട്ടിന്റെ കായില്‍ ബാപ്പുട്ടി ,കടവത്ത് കാദർ, ബോംബയിൽ സംഭാവനകൾ സമാഹരിക്കാന്‍  സജീവ സാനിദ്ധ്യമായിരുന്ന മഞ്ഞിയിൽ കാദർ, പടിഞ്ഞാറയിൽ മുഹമ്മു, കടവത്ത്‌ കുഞ്ഞുമോന്‍‌,കണ്ടത്തിൽ മുഹമ്മു തുടങ്ങിയവര്‍ വിസ്‌മൃതരാവുകയില്ല.

കുന്നത്ത് പളളിക്ക് വേണ്ടി സ്ഥലം വഖഫ്‌ ചെയ്‌ത മുഹമ്മദ് കാട്ടേപറമ്പില്‍, മദ്രസ്സയ്‌ക്ക്‌ വേണ്ടി സ്ഥലം അനുവദിച്ച ചിറക്കല്‍ കുഞ്ഞു ബാവു ,മഹല്ല് കമ്മറ്റിയുടെ നേതൃനിരയിലുണ്ടായിരുന്ന  ചിറക്കൽ അബു, സാബ്‌‌ജാന്‍,അബ്‌‌ദു റഹിമാൻ മാസ്റ്റർ, കുഞ്ഞുമോന്‍ കല്ലായി  അങ്ങിനെ ഇനിയും ഓർമ്മയിൽ തെളിഞ്ഞതും തെളിയാത്തതുമായ പൂര്‍‌വ്വീകരും കാരണവന്മാരും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്‌.

മഹല്ലിനും ഇതര പ്രവര്‍‌ത്തനങ്ങളിലും അഹോരാത്രം പരിശ്രമിച്ച മഹല്ല് ട്രഷററായി സേവന നിരതനായിരിക്കേ  മരണപ്പെട്ട ബഹു. കിഴക്കയിൽ ഹംസ, മഹല്ല് സെക്രട്ടറി പദത്തിലുള്ളപ്പോള്‍ മരണപ്പെട്ട ചാങ്കര റഫീഖ്, അകാലത്തിൽ നമ്മോട് വിടപറഞ്ഞ പുതിയ പുരയില്‍  മുജീബ്, യുവത്വത്തിൽ പരലോകം പൂകിയ കബീർ കാദർ തുടങ്ങിയ മധ്യവസസ്‌കരും യുവാക്കളും പളളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഊര്‍ജ്ജസ്വലരായ പ്രവര്‍‌ത്തകരായിരുന്നു.

പ്രവാസ ജീവിതത്തിൽ മഹല്ലിന് വേണ്ടി പ്രവർത്തിച്ച കരീംജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന അബ്‌ദുല്‍ കരീം, പ്രവാസ ലോകത്തേക്ക് വിശിഷ്യാ തിരുനെല്ലൂർക്കാരായ ഒട്ടേറെ സഹോദരങ്ങളെ കരക്കണച്ച ബഹുമാന്യനായ കിഴക്കയിൽ സെയ്‌തു മുഹമ്മദ്, അറുപതുകളില്‍ മഹല്ല് നേതൃത്വനിരയിൽ സേവന നിരതരായിരുന്നു പുതിയ പുരയില്‍ അബ്‌‌ദു,പുതിയ പുരയില്‍ മുഹമ്മദ്‌ കുട്ടി ഹാജി,തയ്യപ്പില്‍ സെയ്‌തു,ആര്‍.പി അബ്‌‌ദുല്ല ഹാജി,വടക്കൻറകായിൽ ഹംസ,അബൂബക്കർ ഹാജി ,മൂക്കലെ അബൂബക്കർ, ആർ.വി.മുഹമ്മദ്,തെക്കെയില്‍ കാദര്‍, പടിഞ്ഞാറയിൽ  ഇബ്രാഹിം കുട്ടി,ആര്‍.കെ.ഇബ്രാഹിം കുട്ടി, കാട്ടില്‍ കുഞ്ഞു മോന്‍,കടയില്‍ കുഞ്ഞു മുഹമ്മദ്,അഫ്‌ദല്‍ക്ക തുടങ്ങിയവര്‍.അങ്ങിനെ വിസ്‌മരിക്കപ്പെടാനാകാത്തവരുടെ നീണ്ട നിര തന്നെ ഉണ്ട്‌.

ഒരു പുരുഷായുസ്സ് മുഴുവനായും മഹല്ലിന് വേണ്ടി സേവനം ചെയ്‌ത മുഅദ്ധിനായിരുന്ന ബഹു.മുഹമ്മദാലിക്ക പളളിയിലെ ദിക്ർ ഹൽഖകൾക്ക് നേതൃ നിരയിലുണ്ടായിരുന്ന കുഞ്ഞാലി മുസ്ല്യാർ, മമ്മസ്രായില്ലത്ത്‌ മുഹമ്മദ്‌ ഹാജി തുടങ്ങിയവരുടെ കര്‍‌മ്മ ധര്‍മ്മങ്ങള്‍ പുതു തലമുറക്കാര്‍‌ക്കും ഒര്‍മ്മയുണ്ടാകാം.

മുക്രി മുഹമ്മദാലിക്കാടെ പിതാവ്‌ അയമുക്ക.പളളി പരിപാലന വിഷയത്തിലും ശേഷ ക്രിയകളിലും ഖബറുകളൊരുക്കുന്നതിലും പഴയകാലത്ത് നേതൃത്വം കൊടുത്തവരിൽ മറക്കാനാകാത്ത വ്യക്തിത്വമാണ്.

ഈ കുറിപ്പുകാരനെ മഹല്ല് പ്രവർത്തന  മേഖലയിലേക്ക് കൊണ്ട് വന്ന് ഉപദേശ നിര്‍ദേശങ്ങൾ നൽകിയിരുന്ന ഖമറുദ്ദീന്‍ പുതിയപുര ഏതാനും വർഷം മുമ്പ് വിടപറഞ്ഞ വി.വി.അഹമ്മദ് ഹാജി തുടങ്ങിയവരും മറക്കാൻ കഴിയിത്ത വ്യക്തി മുദ്രകളാണ്‌.

പൂർവ്വീകരോടൊപ്പം മഹല്ലിൻറെ എല്ലാ മേഖലകളിലും സജീവ സാനിദ്ധ്യമായി ‌ മഹദ്‌ വ്യക്തിത്വത്തമാണ്‌‌ ബോം‌ബെ കേന്ദ്രീകരിച്ച സേവനങ്ങളില്‍ സജീവമായിരുന്ന എം.വി അഹമ്മദ് ഹാജിയെന്ന മോനുക്ക, മഹല്ല് പ്രസിഡണ്ടായി സേവനം ചെയ്‌ത ബഹു.മൊയ്‌തുണ്ണി ഹാജി. നേതൃ നിരയിലുണ്ടായിരുന്ന അബൂബക്കര്‍ മാഷ്,ആര്‍.ഒ.കെ ഹാജി,മൂക്കലെ കുഞ്ഞി ബാവു തുടങ്ങിയ ജീവിച്ചിരിക്കുന്നവരും മണ്‍ മറഞ്ഞവരുമായ വ്യക്തിത്വങ്ങളും.

ബോംബെ റൂമിന്‌ മേല്‍ നോട്ടം വഹിച്ചിരുന്ന തൊയക്കാവ്‌ സൈതാലിക്കുട്ടി, ചിര പുരാതന പള്ളിയും ചരിത്രവും മുതല്‍  ഓര്‍ത്തിരിക്കേണ്ട വ്യക്തിത്വം ബഹുമാന്യനായ‌ ബാവുക്ക. അങ്ങിനെ ഓർമ്മയിൽ ഉളളവരും ഇല്ലാത്തവരുമായ ജീവിച്ചിരിക്കുന്ന വരും മണ്‍‌മറഞ്ഞവരുമായ ആദരണീയരായ നാട്ടുകാർ...

ബോംബെ പിരിവിനു പുറമെ നാട്ടിൽ നിന്ന് ലഭിക്കുന്ന തേങ്ങയുടെയും അരിയുടെയും വരുമാനം മദ്രസ്സ അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ തികയുമായിരുന്നില്ല എന്നാൽ അന്നും ഇന്നത്തെ പോലെ തന്നെ മഹല്ലിന്റെ എല്ലാ കാര്യങ്ങളിലും ഗള്‍‌ഫ്‌ പ്രവാസികള്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. പാലപ്പറമ്പിൽ അബ്‌‌ദുറഹ്മാൻ ഹാജി, വി കെ കാസിം , ആർ കെ ഇബ്രാഹിം കുട്ടി , പി.ടി.മുഹമ്മദാലി എന്നിവരുടെ നേതൃത്വമായിരുന്നു അന്നത്തെ ഖത്തർ കമ്മിറ്റി. മദ്രസ്സ അധ്യാപകർക്ക് ശമ്പളം കൊടുക്കേണ്ട ആവശ്യാർഥം മാസാന്തങ്ങളില്‍ ഖത്തറിൽ നിന്ന് പണം എത്തിച്ചിരുന്നു.

മണ്‍‌മറഞ്ഞവരുടെ പരലോകം അല്ലാഹു സ്വര്‍ഗീയമാക്കി കൊടുക്കട്ടെ. ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യവും ദീർഘായുസും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
..............
നമ്മുടെ മഹല്ലിനും മഹല്ലുകാര്‍‌ക്കും വേണ്ടി ഔദ്യോഗിക പദവികളിരുന്നും അല്ലാതെയും സേവനം ചെയ്‌തവ നിരവധി വ്യക്തിത്വങ്ങള്‍ ഉണ്ട്‌.പഴയ തലമുറയിലെ അധികപേരും മണ്‍ മറഞ്ഞു പോയി.അവരുടെ പാരത്രിക വിജയത്തിനു വേണ്ടിനമുക്ക്‌ പ്രാര്‍‌ഥിക്കാം.

അനുഗ്രഹീതമായ ഗ്രാമം


ഓർമ്മയിലെ എന്റെ ഗ്രാമം ഒട്ടനവധി മധുര സ്‌മരണകളാൽ സമ്പന്നമാണ്.ഇല്ലായ്‌മയുടെയും വലായ്‌മയുടെയും കാലമായിരുന്നതിനാൽ ദുഖത്തിന്റെ കരിമ്പടം പുതച്ച ഒര്‍മ്മകളാണധികവും.എങ്കിലും നാട്ടുകാർ ,പ്രത്യേകിച്ച് അയൽവാസികൾ തമ്മിലുള്ള സ്നേഹവും ഐക്യവും ,സഹാനുഭൂതിയും,വിട്ടുവീഴ്ചയും ഇന്നത്തെക്കാൾ വളരെ ഊഷ്‌മളമായിരുന്നു .

സ്വർണ്ണ നിറമുള്ള നെൽക്കതിർ സമൃദ്ധമായി ഇട തൂർന്നു നിൽക്കുന്ന പാട വരമ്പത്ത് കൂടിയുള്ള നടത്തവും മഴക്കാലത്ത് പാടങ്ങളിൽ ചേക്കേറുന്ന വരാൽ മത്സ്യങ്ങളെ പിടിക്കാനുള്ള ചെറു സംഘങ്ങളും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന താരപ്പൂക്കൾക്കടിയിലൂടെ കയ്യിട്ട് കടുക്ക പറിക്കുന്നതും എല്ലാം കുട്ടിക്കാലത്തെ ഓർമ്മകളാണ്.ചെറിയ വരമ്പ്,വലിയ വരമ്പ് എന്നറിയപ്പെടുന്ന രണ്ട് വരമ്പുകൾ മഹല്ലിന്റെ കിഴക്കേ കരയെയും പടിഞ്ഞാറെ കരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാജപാതകളായിരുന്നു.

അന്നത്തെ പതിവുകാഴ്ച്ചകളിൽ ഒന്നാണ്,എല്ലാ വൈകുന്നേരങ്ങളിലും അന്നന്നത്തെ അഷ്‌ടിക്കുള്ള വകകൾ വാങ്ങാനായി പാടത്തെ പീടികയിലേക്കുള്ള ജനസഞ്ചാരം.ഇടവഴികളും പാടവരമ്പുകളും സാദാരണ ജനങ്ങളെ കൊണ്ട് സജീവമാകും.ഇന്നത്തെ പോലെ കുറേനാളത്തെക്കുള്ള ഭക്ഷണ സാദനങ്ങൾ ഹൈപ്പെർ മാർക്കറ്റിൽ നിന്നും ഒരുമിച്ചു വാങ്ങി വയ്‌ക്കുന്ന പതിവ് അക്കാലത്തില്ലല്ലോ.പാടത്തെ പീടികയിലെ അന്നത്തെ അറിയപ്പെടുന്ന സൂപ്പർ മാർക്കറ്റുകൾ,കൊച്ചന്റെ പീടിക,ലാസരേട്ടന്റെ പീടിക,മാത്തപ്പൻ ചേട്ടന്റെ പീടിക എന്നിവയാണ്.ഹമീദ്കുട്ടിക്കയുടെ സൂപ്പർ മാര്‍ക്കറ്റ് പിന്നീട് ഉദയം കൊണ്ടതാണ്.പീടികയിലേക്ക് പോകുന്നവർ സാദനങ്ങൾ വാങ്ങി തിരിച്ച് പോകുന്നവരോട് ,എന്നും കാണുന്നവർ എന്ന നിലക്കുള്ള സൌഹൃദ ചോദ്യമാണ് -ഇന്നെന്താ മീന് ? എന്താ വില ?.മിക്കവാറും ഉത്തരം-ചാള, രൂപയ്ക്ക് 16  എന്നായിരിക്കും.പരിചയ മുഖങ്ങളെല്ലാം ഈ ചോദ്യവും ഉത്തരവും കൈമാറിക്കൊണ്ട് കടന്ന് പോകും.ഒരിക്കൽ എന്താ മീന് ? എന്ന ചോദ്യത്തിന്ന് ഒരു ശുദ്ധഗതിക്കാരൻ " രൂപക്ക് 16 എന്ന് മറുപടി പറഞ്ഞത് അക്കാലത്ത് ഒരു ഗ്രാമീണ ഫലിതമായി പ്രചരിച്ചിരുന്നു.

നോമ്പ് കാലമാണെങ്കിൽ അരിയും പലവ്യഞ്ജനങ്ങളും മീനും മറ്റും വാങ്ങി ,ചില്ലറ വല്ലതും ബാക്കിയുണ്ടെങ്കിൽ സീനീപ്പി സൈതുക്കയുടെ സർബത്ത് കടയിൽ നിന്നും നാരങ്ങാ സത്തും നെല്ലിക്കയും വാങ്ങിയാണ് തിരിക്കുക.നോമ്പ് തുറ കഴിഞ്ഞ് കഴിക്കാൻ.സ്‌കൂളിൽ കൊണ്ടുപോകുന്ന അശോക പെന്നിൽ മഷി കഴിഞ്ഞിട്ടുണ്ടെങ്കിൽ അഞ്ച് പൈസ കൊടുത്ത് മഷി നിറക്കുന്നത് സീപ്പി സ്റ്റോറിൽ നിന്നാണ്.പുതിയ പുതിയ ജാക്ക്പോട്ട് നറുക്കുകൾ അവതരിപ്പിക്കുന്നതും സീപ്പി സ്റ്റോർ തന്നെ.വലിയ കടലാസ് ബോർഡിൽ നിന്നും കീറിയെടുക്കുന്ന നറുക്ക് തുറന്നു നോക്കിയാൽ അതിലെഴുതിയിരിക്കുന്നതിനനുസരിച്ച് പീപ്പി,കണ്ണട,കളർ വാച്ച് ,കളർ കണ്ണട എന്നിവയിലേതെങ്കിലും പ്രൈസ് അടിച്ചാൽ കിട്ടും.

നോമ്പിനെക്കുറിച്ച് പറയുകയാണെങ്കിൽ ഒട്ടനവധി കാര്യങ്ങൾ ഒര്‍ക്കാനുണ്ട്.മനസ്സിന്റെ ഉള്ളിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി അവയിലധികവും അവശേഷിക്കുന്നു.അസ്വർ നമസ്‌കാരം കഴിഞ്ഞാൽ പിന്നെ പള്ളിയിൽ നോമ്പ് തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി.ഞങ്ങളിൽ ചിലർ ചായ തിളപ്പിക്കുന്ന മണ്‍ കലത്തിൽ വെള്ളം നിറച്ചു കൊണ്ടുവരും.മറ്റു ചിലർ പള്ളിക്കാട്ടിൽ നിന്നും വിറക് ശേഖരിച്ചിട്ടുണ്ടാകും .പള്ളിമുറ്റത്തെ മൂലയിൽ സംവിധാനിച്ചിരിക്കുന്ന മൂന്നു കല്ല് വെച്ച അടുപ്പിൽ തീ പിടിപ്പിച്ചു ചായയുണ്ടാക്കുന്നതും അത് വിളമ്പുന്നതും മുക്രി മുഹമ്മദാലിക്കയായിരിക്കും.

ഹൗദിൽനിന്നു വുദു ചെയ്‌ത് പുറത്ത് പോകുന്ന വെള്ളച്ചാലിന് ഓരത്തായി നിരന്നു നിൽക്കുന്ന പപ്പയ്‌ക്ക,ധാരാളം വെള്ളം കിട്ടുന്നതുകൊണ്ട് നിറയെ കായ്ച്ചു നിൽക്കുന്നുണ്ടാകും.അതിൽനിന്നു പാകമായത് പറിച്ചെടുത്ത് കഷ്‌ണമാക്കിയതായിരിക്കും നോമ്പ് തുറയുടെ പ്രധാന വിഭവം.റസ്കോ ബിസ്‌കറ്റോ ഉണ്ടെങ്കിൽ ഗംഭീരമായിരിക്കും.തേക്ക് മരത്തിൽ നിന്നും ഇലകൾ പറിച്ചു അതിൽ വിഭവങ്ങളും അലൂമിനിയം ഗ്ലാസ്സുകളിൽ ചായയുമായി വരിവരിയായിരുന്നു ബാങ്ക് വിളിക്കാൻ മുഹമ്മദാലിക്ക നീങ്ങുന്നുണ്ടോ എന്ന് നോക്കിയിരിക്കും.ഇന്ന് ബിരിയാണിയും ബർഗർ അടക്കമുള്ള ആധുനിക ഭക്ഷണങ്ങൾ എല്ലാ പള്ളികളിലും നോമ്പ് തുറക്ക് നിത്യ കാഴ്‌ചയാണ്,അൽഹംദുലില്ലഹ്.

നോമ്പടുത്ത ദിവസങ്ങളിൽ പള്ളിയിലെ പായകളെല്ലാം പള്ളിക്കുളത്തിൽ കൊണ്ടുപോയി കഴുകുന്നതും,പള്ളി മുഴുവൻ വൃത്തിയാക്കുന്നതും ,പല്ലികളെയും ചീവീടുകളെയും വെട്ടിവിഴുങ്ങുന്ന ഹൗദിലെ വാലാത്തനെ പിടിച്ചു വെള്ളം നിറച്ച പാത്രത്തിലിട്ട് ഹൗദിലെ വെള്ളം മുഴുവൻ ഒഴുക്കികളഞ്ഞു തേച്ചുകഴുകി പുതിയ വെള്ളം നിറക്കുന്നതും മുഹമ്മദാലിക്കയുടെ നേതൃത്വത്തിൽ തന്നെയായിരിക്കും.

അക്കാലത്തെ മറ്റൊരു നാട്ടുനടപ്പായിരുന്നു കുറിക്കല്ല്യാണം.അന്ന് നടക്കുന്ന വിവാഹങ്ങളിൽ പങ്കെടുക്കുന്നവർ ഒരു സംഖ്യ പാരിതോഷികമായി വീട്ടുടമക്ക് കൊടുക്കുമായിരുന്നു.അത് പിരിച്ചെടുക്കാൻ പന്തലിന്റെ മുൻവശത്ത് തന്നെ മേശയും കസേരയും ഇട്ട് ഇരിപ്പിടം സജ്ജീകരിച്ചിരിക്കും.കാശ് തരുന്നവരുടെ പേരും സംഖ്യയും പ്രത്യേകം എഴുതിവെക്കുന്നു.ഇങ്ങനെ കുറെ വിവാഹങ്ങൾക്ക് കാശ് കൊടുത്ത് ,സ്വന്തം വീട്ടിൽ വിവാഹം നടത്തി ,അത് തിരിച്ചു പിരിച്ചെടുക്കാൻ കഴിയാത്തവർ ഏതെങ്കിലും ചായക്കടയിൽ നിശ്ചിത ദിവസം ടീപാര്‍ട്ടി വെച്ച് കാശ് കിട്ടാനുള്ള ആളുകളെയെല്ലാം കുറിക്കത്ത് വഴി ടീപാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നു.പാടത്തെ പീടികയിൽ കമ്പനി ഹലീമത്തയുടെ ചായക്കടയിൽ വെച്ചായിരുന്നു അധിക കുറിക്കല്ല്യാണങ്ങൾ നടന്നിരുന്നത്. പുട്ടും കടലയും പിന്നെ ചായയുമായിരിക്കും വിഭവങ്ങൾ.അവിടെയും കാശ് പിരിച്ചെടുക്കാൻ പുസ്‌തകവും പെന്നും വെച്ചു പ്രത്യേകം ആളെ ഏർപ്പാടാക്കിയിരുന്നു.മതിലകത്ത് കാദർക്കയായിരിക്കും (അധികാരി കാദർ )അധികവും ഈ റോളിൽ ഉണ്ടാകുക.അന്നത്തെ കല്യാണങ്ങളിൽ പുതിയാപ്പിളയെ തേടിപ്പോകാനും പുതിയാപ്പിളയോടൊപ്പം പോകാനും യുവാക്കൾക്ക് ഹരമായിരിക്കും.കാദർക്കയുടെ അവസരോചിതമായ ഇശലുകൾക്കൊപ്പം കൈക്കൊട്ടിക്കൊണ്ടായിരിക്കും ഈ യാത്ര.കല്യാണ വീട്ടിൽ നിന്നും 24 മണിക്കൂറും കോളാമ്പി മൈക്ക് വെച്ചു കൊണ്ടുള്ള മാപ്പിളപ്പാട്ട് പ്രവാഹമായിരിക്കും .അയൽവാസികൾക്ക് ഇത് അരോചകമായിരുന്നെങ്കിലും ഒരു പരാതിയുമില്ലാതെ എല്ലാവരും സന്തോഷപൂർവ്വം സഹകരിച്ചിരുന്നു.

വളരെ പ്രശസ്‌തമായ ,എല്ലാവരും ആശ്രയിച്ചിരുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനം പാടത്ത് പീടികയിൽ പ്രവർത്തിച്ചിരുന്നു.11 മണിയോടുകൂടി പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്ത എല്ലാ ചെറുപ്പക്കാരും അവിടെ സമ്മേളിക്കുക പതിവായിരുന്നു.പാങ്ങിൽ നിന്നും കാൽനടയായി എത്തുന്ന തപാൽ സഞ്ചി തുറന്ന് തരം  തിരിച്ചു രേഖപ്പെടുത്തി സീൽ ചെയ്‌ത് കഴിഞ്ഞാൽ കടൽ കടന്നും ട്രെയിൻ വഴിയും വന്നെത്തിയ വിരഹങ്ങളും ,വിശേഷങ്ങളും,പരാതികളും പരിദേവനങ്ങളും അതിന്റെ അവകാശികൾക്ക് കൈമാറുകയായി.എല്ലാ കണ്ണുകളും പോസ്റ്റ്മാൻ കൊച്ചാപ്പു വിന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി നിൽക്കും.അദ്ദേഹത്തിന്റെ നീട്ടി വലിച്ചതും ഫലിതത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ളതുമായ പേരുവിളികളിൽ കൂടി നിൽക്കുന്നവർ ചിരിച്ചു തള്ളും.അടുത്തടുത്ത വീടുകളിലേക്കുള്ള ഉരുപ്പടികൾ ഓരോരുത്തരേയും ഏൽപ്പിച്ചു മൂപ്പർ തടി സലാമത്താക്കും.

പള്ളിക്കാട്ടിൽ നിന്നും മലമ്പാമ്പുകളെ പിടിക്കുക അപൂവ്വമായിരുന്നില്ല.ഒരു രാത്രി കറ്റാൻ പൂച്ചയുടെ ദീനരോദനം കേട്ടു എല്ലാവരും ഓടിക്കൂടി തെരഞ്ഞപ്പോൾ ,കറ്റാൻ പൂച്ചയെ പകുതി വിഴുങ്ങിയ നിലയിലുള്ള വലിയ മലമ്പാമ്പിനെയാണ് പിടി കൂടിയത്.മറ്റൊരിക്കൽ ഇശാ സമയത്ത് വുദു ചെയ്യാൻ പള്ളിക്കുളത്തിലെക്ക് ഇറങ്ങുന്ന ആൾ മലമ്പാമ്പിനെ കണ്ട് വിളിച്ചുകൂകി.ആളുകൾ ഓടിക്കൂടി തെരച്ചിൽ തുടങ്ങിയപ്പോൾ പാമ്പ് കുളത്തിലേക്ക് ചാടി.പിറ്റേ ദിവസം ഉച്ച കഴിഞ്ഞാണ് പാമ്പിനെ കുളത്തിൽനിന്നു കഴുത്തിൽ കുരുക്കിട്ട് പിടിക്കാൻ കഴിഞ്ഞത്.

പള്ളിപ്പരിസരത്തുള്ളവർ എന്നും രാവിലെ തോർത്തും സോപ്പുമായി വന്നു നീന്തി കുളിച്ചിരുന്നത് നാലുപാടും പടുത്തുയർത്തിയ വിശാലമായ പള്ളിക്കുളത്തിലാണ്.കിഴക്കരയിൽ നിന്നുപോലും യുവാക്കൾ കുളിക്കാൻ വരാറുണ്ട്.മഴക്കാലത്ത് അതിന്റെ രസം ഒന്ന് വേറെത്തന്നെയാണ്.സ്‌കൂൾ അവുധി ദിവസമാണെങ്കിൽ മണിക്കൂറുകളോളം നീണ്ടു നിൽക്കും സംഘം ചേർന്നുള്ള കുളി.മൂന്നു ഭാഗത്തുനിന്നും ഓടിവന്ന് ചാടിയും തലകുത്തിമറിഞ്ഞുമുള്ള കുളി വയർ നിറയെ വെള്ളം കുടിച്ചും കണ്ണുകൾ ചുകന്നു തുടുക്കുന്നതുവരെ തുടരും.കാൽ നൂറ്റാണ്ടു കാലത്തോളം മഹല്ലിനെ സേവിച്ച ,നമ്മുടെ ഖതീബായിരുന്ന ബഹുമാന്യനായ മൂസ ഉസ്‌താദിനെ ഇത്തരുണത്തിൽ ഞാൻ ഓര്‍ത്തുപോകുകയാണ്.മഴ പെയ്യുന്ന സമയത്ത് അദ്ദേഹം പള്ളിയിൽ  നിന്ന് കുട ചൂടി വരികയും,കുട ചൂടിക്കൊണ്ടു തന്നെ മുങ്ങിക്കുളിക്കുകയും ചെയ്യുമായിരുന്നു.അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്,മഴ കൊണ്ടാൽ പനി പിടിക്കുമെന്നാണ്.ശാരീരികാരോഗ്യത്തെ അത്രമാത്രം അദ്ദേഹം ശ്രദ്ധിച്ചിരുന്നു.കോട്ടക്കൽ ആര്യവൈദ്യശാലയുടെ ലേഹ്യങ്ങളും കഷായങ്ങളും മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളു.വേറെ ഒരിടത്തുനിന്നും വാങ്ങാൻ സമ്മതിച്ചിരുന്നില്ല.വർഷങ്ങളോളം ഇവകൾ വാങ്ങിക്കൊടുത്തിരുന്നത് ഈയുള്ളവനാണ്.

അന്നത്തെ മാസമുറപ്പിക്കൽ വളരെ സങ്കീർണ്ണമേറിയതായിരുന്നു. ഇന്നത്തെപ്പോലെ ഫോണോ മറ്റു സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നല്ലോ?കിട്ടുന്ന വണ്ടിയിൽ മാസപ്പിറവി കാണാൻ സാധ്യതയുള്ള താനൂരോ,വെളിയങ്കോടോ പോയി അറിഞ്ഞുവന്നു നോമ്പോ പെരുന്നാളോ പള്ളിയിൽ പ്രഖ്യാപിക്കണമായിരുന്നു.അത് വരെ എല്ലാവരും പള്ളിയിൽ കാത്തിരിക്കും.രാവിലെ 10 മണി വരെ നോമ്പ് നോറ്റ് ശേഷം അന്ന് പെരുന്നാളാണെന്നറിഞ്ഞു നോമ്പ് മുറിച്ചു പെരുന്നാൾ ആഘോഷിച്ച സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

നമ്മുടെ പൂർവ്വികന്മാർ എന്തൊക്കെ ത്യാഗം സഹിച്ചും എങ്ങിനെയൊക്കെ ഈമാനികാവേശം ഉൾക്കൊണ്ടുമാണ് മഹല്ലിനെ ഇത്തരത്തിൽ വളര്‍ത്തിയെടുത്ത്തതും ,പുരോഗതിയിലേക്കു നയിച്ചതുമെന്നു നമ്മുടെ വരും തലമുറക്ക് കൂടി പകര്‍ന്നു നൽകണം ഇന്ന് സാമ്പത്തികമായി ഞെരുക്കമുണ്ടാകുമ്പോൾ നാം കമ്മറ്റി കൂടി ,വരിസംഖ്യ കൂട്ടിയും മറ്റു സ്രോതസ്സുകൾ തേടിയും അത് മറി കടക്കാൻ ശ്രമിക്കുമ്പോൾ,ഈ സൌകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ആഴ്ച്ചതോറും പിടി അരി പിരിച്ചും ,വരി തെങ്ങ് സംഭാവന നല്‍‌കിയും ദീനി സ്ഥാപനങ്ങളെ നിലനിറുത്താൻ അവർ കാണിച്ച ത്യാഗത്തെ രണ്ടിറ്റു കണ്ണീരോട് കൂടിയല്ലാതെ സ്‌മരിക്കാൻ കഴിയില്ല.അതിലേക്കുള്ള ഒരു ചൂണ്ടുപലകയാവട്ടെ ഖത്തർ മഹല്ല് അസ്സോസിയേഷൻ തിരുനെല്ലൂരിന്റെ ഈ പ്രഥമ സംരംഭം.എന്നാശംസിക്കുകയാണ്.

പരമ കാരുണ്യവാനായ നാഥൻ നമ്മെയും നമുക്ക് മുന്നേ കടന്നുപോയ നമ്മുടെ മാതാപിതാക്കളേയും ഉസ്‌താദുമരെയും ശേഷം വരാനിരിക്കുന്ന നമ്മുടെ സന്താനങ്ങളെയും അവന്റെ തൃപ്‌തിയും കാരുണ്യവും കൊണ്ട് കടാക്ഷിക്കുമാറാകട്ടെ.ആമീൻ.....!

പി കെ അബ്‌ദുൽ ഖാദർ പുതിയവീട്ടിൽ 

ഓര്‍‌മ്മയില്‍ നിന്നൊരു പഴങ്കഥ

എന്റെ ബാല്യകാലത്തെ ഓര്‍‌മ്മകളില്‍ നിന്നും ചില ചിതറിയ ചിത്രങ്ങള്‍ പങ്കു വെയ്‌ക്കുകയാണ്‌.ബന്ധുക്കളില്‍ നിന്നുള്ള ചിലര്‍ പ്രസ്‌തുത ചിത്രങ്ങള്‍‌ക്ക്‌ അല്‍‌പം കൂടെ നിറം പകര്‍‌ന്നു നല്‍‌കിയപ്പോള്‍ കുറച്ചു കൂടെ വ്യക്തത കൈവരിക്കാന്‍ കഴിയുന്നുണ്ട്‌.പ്രൈമറി ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഓര്‍‌മ്മയ്‌ക്ക്‌ ആസ്‌പദമായ സം‌ഭവം.കൃത്യമായി പറഞ്ഞാല്‍.അന്നെനിക്ക്‌ എട്ടു വയസ്സ്‌ പ്രായം.മുസ്‌ലിം ആണ്‍‌കുട്ടികളുടെ ചേലാ കര്‍മ്മങ്ങള്‍ അധികവും സ്ക്കൂളിലും മദ്രസ്സയിലും ഒക്കെ ചേര്‍‌ത്തിയതിന്റെ ശേഷമായിരുന്നു നടത്തിയിരുന്നത്.മാര്‍ഗ കല്യാണം എന്നായിരുന്നു അക്കാലത്ത്‌ ഇതു അറിയപെട്ടിരുന്നത്.

ചേലാ കര്‍മ്മം കഴിഞ്ഞ്‌ മുറിവുണങ്ങി കുളിക്കുന്ന ദിവസം ഒരു ആഘോഷം തന്നെയായിരുന്നു നടമാടിയിരുന്നത്.അവരവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചു്‌ ആഘോഷപ്പൊലിമയില്‍ ഏറ്റക്കുറച്ചിലുകളൊക്കെ ഉണ്ടാകുമെന്നു മാത്രം.ആഘോഷ ദിവസം പട്ടവും പടവും കെട്ടി അണിഞ്ഞൊരുക്കിയ ആനയും കൊട്ടും പാട്ടും വാദ്യ മേളങ്ങളും ഒക്കെ ഒരുക്കുന്നവരും ഉണ്ടായിരുന്നു.കുളിപ്പിച്ചൊരുക്കിയ ബാലനെ ആനപ്പുറത്തിരുത്തി ആഘോഷത്തോടെ പള്ളിയില്‍ കൊണ്ടു പോകുന്ന പതിവും സാധാരണമായിരുന്നു.മഹല്ലിലെ ഒസ്സാനായിരുന്നു ചേലാ കര്‍‌മ്മം നടത്തിയിരുന്നത്.അക്കാലത്ത്‌ പെണ്‍‌കുട്ടികളുടെ കാതു കുത്ത്‌ കല്യാണവും ഇതു പോലെ ആഘോഷ പുര്‍‌വ്വം നടത്തപ്പെട്ടിരുന്നു.

പുരാതന കാലത്ത് ഒരു കർമ്മമായും തൊഴിലായും കാത് കുത്ത്‌, മുടി വെട്ട്, ചേലാ കർമ്മം തുടങ്ങിയവ ശാസ്ത്രീയമായി ചെയ്‌തിരുന്നവരാണ്‌ ഒസ്സാന്മാര്‍. അല്‍‌പം വൈദ്യ മേഖലയിലും ഇവർ കൈകടത്തിയിരുന്നു. സുന്നത്ത് കല്യാണം, മാർഗകല്യാണം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ചേലാ കർമ്മ ചടങ്ങിലെ മുഖ്യ അതിഥി ഒസ്സാനായിരിക്കും. ചെറിയ വലിപ്പത്തിലുള്ള കത്തി, കൊടിൽ, നൂൽ, മുറിവുണക്കാനുള്ള മരുന്ന് തുടങ്ങിയവ ഇവരുടെ ഉപകരണങ്ങളാണ്.ചേലാ കര്‍‌മ്മം നടത്താനുള്ള അവകാശം നാട്ടിലെ നിയുക്ത ഒസ്സാനില്‍ നിക്ഷിപ്‌തമായിരുന്നു.

അന്നൊരു ദിവസം എന്റെയും ഇക്കയുടേയും ഊഴമായിരുന്നു.ഒസ്സാന്‍ അദ്ദുക്ക നേരത്തെ തന്നെ ഉമ്മറ തിണ്ണയില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.തോളില്‍ കള്ളി തൂവാലയിട്ട്‌ ഒരു സൂത്രച്ചിരിയോടെ ഇരിക്കുന്ന അദ്ദുക്കാനെ കുട്ടികള്‍‌‌ക്കൊക്കെ പേടിയായിരുന്നു.കുട്ടികള്‍ അദ്ദേഹത്തെ നോക്കി അടക്കം പറഞ്ഞു തിരിഞ്ഞു മുറിഞ്ഞ്‌ ഓടുന്ന കാഴ്‌ചയില്‍ കാരണവന്മാര്‍ അരിശം കൊള്ളുന്നതും ഒരു പതിവ്‌ രീതിയാണ്‌.

വരാന്തയിലെ തിണ്ണയില്‍ ഒരുക്കിയ മജ്‌ലിസില്‍ ഉസ്‌താദുമാര്‍ മൗലിദ്‌ പാരായണം തുടങ്ങി.ഇക്കയെ അനുനയിപ്പിച്ച്‌ കോണി മുറിയിലേയ്‌ കൊണ്ടു പോകുന്നതു കണ്ടു.പങ്ങി പങ്ങി മെല്ലെ ഉള്‍‌വലിഞ്ഞ്‌ തിരിമുറിഞ്ഞ്‌ ഞാന്‍ ഓടി തൊട്ടടുത്തെ മാക്കിരിപ്പറമ്പിലെ എന്റെ സഹപാഠിയുടെ വരാന്തയിലെ ചകിരി കെട്ടിന്റെ പിന്നില്‍ ഒളിച്ചിരുന്നു.എങ്കിലും അന്വേഷണ സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായില്ല.

ചീന്തിയ ഈര്‍‌ക്കിള്‍ ചെറിയ വൃത്തം തീര്‍‌ത്ത്‌ ലിംഗത്തിന്റെ അഗ്ര ചര്‍മ്മത്തില്‍ പ്രവേശിപ്പിച്ച് മോതിരക്കണ്ണിയിലേയ്‌ക്ക്‌ ചര്‍‌മ്മം ചുരുട്ടിക്കയറ്റുകയാണ്‌ വിദഗ്‌ദനായ ഓസ്സാന്‍ ചെയ്യുന്നത്.മൂന്നാം ദിവസമാകുമ്പോഴേയ്‌ക്കും മുറിവിന്‌ ഉണക്കം വന്നിരിയ്‌ക്കും.മുറിവില്‍ ചുറ്റിയ നേര്‍‌ത്ത തുണി എല്ലാ ദിവസവും പുതുക്കി ചുറ്റും.ഇങ്ങനെ മൂന്നാം ദിവസമായാല്‍ മൂന്നാം ശീല എന്ന പേരില്‍ പ്രസിദ്ധമായിരുന്നു.ബന്ധു മിത്രാധികള്‍ പലഹാരങ്ങളും പഴങ്ങളുമായി വന്ന് വിരുന്നും സത്കാരങ്ങളും ഒക്കെയായി മൂന്നാം ശീല പൊടി പൊടിയ്‌ക്കും.പിന്നീട്‌ മുറിവൊക്കെ നന്നായി ഉണങ്ങി കുളിച്ചൊരുങ്ങി കാരണവന്മാരുമൊത്ത്‌ പള്ളിയില്‍ പോകുന്ന ദിവസമാണ്‌ സാക്ഷാല്‍ ആഘോഷം.

ഗ്രാമത്തിലെ പടിഞ്ഞാറെക്കരയിലെ വിശാലമായ വയലോരത്ത്‌ നിസ്‌കാര പള്ളിയോട്‌ ചേര്‍ന്നാണ്‌ ഞങ്ങളുടെ വീട്.വേനല്‍ കാലത്ത്‌ ഉണങ്ങിക്കിടക്കുന്ന വയലില്‍ വലിയ ആഘോഷമൊരുക്കിയുള്ള മാര്‍‌ഗ കല്യാണപ്പെരുമ ഓര്‍‌മ്മയില്‍ മിന്നുന്നുണ്ട്‌.ഇത്തരം ആഘോഷങ്ങളുടെ പ്രായോജകരാകാനുള്ള അവകാശം അമ്മാവന്മാരില്‍ നിക്ഷിപ്‌തമായിരുന്നു.അക്കാലത്തെ പ്രസിദ്ധങ്ങളായ സകല വാദ്യ മേളങ്ങളും ഞങ്ങളുടെ മാര്‍ഗ കല്യാണത്തിന്‌ ഉണ്ടായിരുന്നു.കൂടാതെ മാപ്പിളക്കലയിലെ പേരുകേട്ട ദഫ്‌ മുട്ടുകാരും, മുട്ടും വിളിക്കാരും, കോല്‍‌ക്കളിക്കാര്‍ വേറെയും.കോയമ്പത്തൂരില്‍ നിന്നും തീവണ്ടി മാര്‍‌ഗം കൊണ്ടു വന്ന രണ്ട്‌ കുതിരകള്‍ അക്കാലത്തെ വിശേഷപ്പെട്ട ചര്‍‌ച്ചയായിരുന്നു.കുളിപ്പിച്ചൊരുക്കി കസവു തുണിയും ജുബ്ബയും ജിന്നത്തൊപ്പിയും അണിയിച്ച് കുതിരപ്പുറത്ത്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വലിയ പള്ളിയിലേയ്‌ക്ക്‌ പോയത്.പള്ളി മുറ്റത്തെത്തി ഹൗദിലെ ചിരട്ട കൈലു കൊണ്ട്‌ വെള്ളം കോരി കാലു കഴുകി പള്ളിയില്‍ കയറി അം‌ഗസ്‌നാനം ചെയ്‌തു രണ്ട്‌ റക‌അത്ത് നിസ്‌കരിച്ച്‌ വീട്ടിലേയ്‌ക്ക്‌ മടങ്ങി.പള്ളിയിലേ്‌ക്കുള്ള പോക്കും വരവും ആസ്വദിക്കാന്‍ വലിയ ആവേശത്തോടെ നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു.

സന്ധ്യവരെ നീണ്ടു നിന്ന വിവിധ വാദ്യപ്പെരുക്കങ്ങളും കൊട്ടും മേളവും ഒരു നാടിന്റെ തന്നെ ഉത്സവക്കാഴ്‌ചയായിരുന്നു.എല്ലാം ബഹളങ്ങളും ഒരു വിധം ഒതുങ്ങിയപ്പോള്‍ വാത്സല്യത്തോടെ അരികിലേയ്‌ക്ക്‌ ചേര്‍ത്തു പിടിച്ച്‌ ഉപ്പ പറഞ്ഞു. 'ന്റെ മോനിപ്പം വല്യ ചെക്കനായി ഇനി നേരത്തിന്‌ പള്ളിയില്‍ പോയി നിസ്‌കരിക്കണം....'ഗൃഹാതുരത്വം നിറഞ്ഞ ഒരു കാലഘട്ടത്തിന്‌ വിട.

ഇന്ന്‌ കാലം എത്രയോ മാറി.നമ്മുടെ കോലവും.ആതുരാലയങ്ങളും ആധുനിക സൗകര്യങ്ങളും വികസിച്ചപ്പോള്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ചേലാ കര്‍‌മ്മം നടന്നു വരുന്നു.ആനയും അമ്പാരിയും ആഘോഷങ്ങളും എല്ലാം പഴങ്കഥ...

മഞ്ഞിയില്‍

ബാല്യകാലോര്‍മ്മകള്‍

ഒരായിരം ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിന്നും ചിലത് ഓര്‍‌ത്തെടുക്കുകയാണ്‌.ഒരു വ്യക്തിയുടെ ബാല്യ കൗമാര യൗവ്വന ഓര്‍‌മ്മകള്‍ എന്നതിലുപരി ഒരു കാലഘട്ടത്തെ വായനക്കാരിലേയ്‌ക്ക്‌ അവതരിപ്പിക്കുക എന്നതാണ്‌ ഈ ഓര്‍‌മ്മക്കുറിപ്പിന്റെ പ്രചോദനം.എന്റെ ബാല്യകാലമാണെനിക്കിഷ്‌ടം.മുറിവേറ്റ മനസ്സിനേക്കാള്‍ പെട്ടെന്ന്‌ ഉണങ്ങുന്നത്‌ പരിക്കേറ്റ കാല്‍ മുട്ടുകളായിരുന്നു.എന്നു പ്രമാണം.

1960 കളില്‍ പുവ്വത്തൂര്‍ സെന്റ്‌ ആന്റണീസ്‌ യു.പി സ്‌കൂളില്‍ അഞ്ചാം തരം വിദ്യാര്‍ഥിയായിരുന്നു.പഠനത്തില്‍ കാര്യമായ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല.സ്‌കൂള്‍ വിട്ടു വന്നാല്‍ പുസ്‌തകക്കെട്ട്‌ മണ്ടകത്തെ അളമാരപ്പുറത്ത്‌ വെച്ച് വിറക്‌ പുരയുടെ ഇറയത്തേയ്ക്ക്‌ പോകും.നാളികേരത്തിന്റെ ചകിരിയുണ്ടോ എന്നു നോക്കും.ഇല്ലെങ്കില്‍ മണ്ണില്‍ കുഴിച്ചുറപ്പിച്ച പാറക്കോലില്‍ നാളികേരം പൊളിക്കും.പൊളിച്ചെടുത്ത ചകിരിയുമായി കടവത്തേയ്‌ക്ക്‌ ഓടും.ഓട്ടം കുഞ്ഞു കുട്ടന്റെ ചായപ്പീടികയില്‍ അവസാനിക്കും.ഒരു ചകിരി കൊടുത്താല്‍ ഒരു കട്ടനും ഒരു അച്ച്‌ റൊട്ടിയും കിട്ടും.അന്നത്തെ സായാഹ്നം സുഭിക്ഷം.

പീടികയില്‍ പോക്ക്‌ ഒരു പ്രധാന ഉത്തരവദിത്തം തന്നെ.പലവ്യഞ്‌ജനങ്ങളും റേഷന്‍ ഉണ്ടെങ്കില്‍ അതും മീന്‍ വാങ്ങലും ഒക്കെ എല്ലാ വൈകുന്നേരങ്ങളിലേയും ഒഴിവാക്കാനാകാത്ത ചിട്ടകള്‍.മീന്‍ വാങ്ങാന്‍ ഒരു തരം വട്ടിയാണ്‌ ഉപയോഗിച്ചിരുന്നത്.മണ്ണെണ്ണ ടിന്‍,വെളിച്ചെണ്ണ കുപ്പി,ഉപ്പ്‌ വാങ്ങാന്‍ വേറൊരു പാത്രം.ഇതൊക്കെ കൂടെയാണ്‌ പാടത്തെ പീടികയില്‍ എത്തുക.പാടത്തെ പീടികയിലെ സ്രാമ്പിക്കടുത്ത്‌ മത്സ്യ കച്ചവടം ഉണ്ടായിരുന്നു.കച്ചവടക്കാര്‍ സ്ഥലം ഉപയോഗപ്പെടുത്തുന്നതിനു പകരം ഓരോ കോരല്‍ മീന്‍ തരും അതിനാല്‍ വേറെ മിന്‍ വാങ്ങേണ്ടി വരാറില്ല.

പീടികയില്‍ പോക്കെന്ന പണി കഴിഞ്ഞാല്‍ പിന്നെ സ്ക്കൂള്‍ പറമ്പിലേക്ക് ഓടും.അതിനും ചില പ്രതിബന്ധങ്ങളൊക്കെ മറികടക്കാനുണ്ട്‌.പറമ്പിലെ നനയും,കാലികളെ നോക്കലും,തൊടിയും തൊഴുത്തും വൃത്തിയാക്കലും തുടങ്ങിയ നൂലാമാലകള്‍ വേറേയും ഉണ്ട്‌.പാടത്ത്‌ കൃഷി തുടങ്ങിയാല്‍,ഞാര്‍ നട്ടാല്‍,നെല്ല്‌ വിളഞ്ഞാല്‍,കൊയ്‌തു തുടങ്ങിയാല്‍,കൊയ്‌തു കഴിഞ്ഞാല്‍ ഒക്കെ പണി തന്നെ.

മദ്രസ്സയില്‍ ചെറിയ ക്ലാസ്സുകളില്‍ ഉപ്പ തന്നെയായിരുന്നു ഉസ്‌താദ്‌.മാസാന്തം രണ്ട്‌ പൈസയായിരുന്നു വരി സം‌ഖ്യ നിശ്ചയിക്കപ്പെട്ടിരുന്നത്. വാലിപ്പറമ്പില്‍ ഹൈദ്രോസ്‌ ആയിരുന്നു മദ്രസ്സ സെക്രട്ടറി.യുവ പണ്ഡിതനായിരുന്ന യ‌അഖൂബ്‌ ഉസ്‌താദ്‌ അറുപതുകളില്‍ നൂറുല്‍ ഹിദായ മദ്രസ്സയിലെ സദര്‍ ആയിരുന്നു.മദ്രസ്സയില്‍ പുതിയ സിലബസ്സ്‌ വരുന്നതൊക്കെ അക്കാലത്തായിരുന്നു.ഉസ്‌താദിന്റെ കയ്യെഴുത്ത്‌ ഏറെ ആകര്‍ഷകമായിരുന്നു.മാല മൗലിദുകളുടെ കോപികള്‍‌ക്ക്‌ പ്രയാസം ഉണ്ടാകുമ്പോള്‍ അദ്ധേഹം പകര്‍ത്തി എഴുതി കൊടുക്കുമായിരുന്നു.

ജിവിതത്തില്‍ ആദ്യമായി ചെരിപ്പ്‌ ധരിച്ചത് ഓര്‍മ്മയില്‍ മുദ്രണം ചെയ്യപ്പെട്ട ഒന്നാണ്‌.സുന്നത്ത് കല്യാണം കഴിഞ്ഞ്‌ കുളിക്കുന്നതിന്റെ തലേ ദിവസം കുഞ്ഞിക്കയാണ്‌ (മഞ്ഞിയില്‍ ഖാദര്‍ - അല്ലാഹു അദ്ധേഹത്തിന്റെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ.) എന്നെ ആദ്യം ചെരിപ്പണിയിച്ചത്.കരയുന്ന ചെരിപ്പ്‌.ശുദ്ധമായ തൊലിയില്‍ ഉണ്ടാകിയ ചെരിപ്പ്‌ ധരിച്ച്‌ അടിവെച്ചു നടക്കുമ്പോള്‍ പ്രത്യേക തരം ശബ്‌ദമുണ്ടാകും.ഇക്കാലത്തെ പിപ്പിപ്പിയും കിക്കിയും ഒന്നും അല്ല.

അന്നൊക്കെ പള്ളികളിലും പള്ളികളിലുള്ളതിനേക്കാള്‍ കൂടുതല്‍ വീടുകളിലും നേര്‍‌ച്ചകള്‍ നടക്കാറുണ്ട്‌.ഉപ്പാടെ കൂടെ അതിലൊക്കെ സം‌ബന്ധിക്കുകയും ചെയ്യും.ഒരിക്കല്‍ പള്ളിയില്‍ ഒരു റാത്തീബിന്‌ പങ്കെടുത്തു.മൗലിദ്‌ ഓതിയിട്ട്‌ റാത്തീബ്‌ തുടങ്ങാമെന്നു തിരുമാനം.മൗലിദ്‌ കിതാബുകള്‍ തല്‍ക്കാലം ഉണ്ടായിരുന്നില്ല.പലര്‍‌ക്കും ഹൃദിസ്ഥ്യമായിരുന്നതിനാല്‍ മൗലിദ്‌ തുടങ്ങി.ഒന്നും രണ്ടും ഹികായത്തും ബൈത്തും കഴിഞ്ഞു.മൂന്നാമത്തെ ഭാഗം ആരും തുടങ്ങുന്നില്ല.മുഖാമുഖം ഇരിക്കുകയായിരുന്ന ഉപ്പ ആംഗ്യം കാട്ടി ഓതിക്കോ എന്ന പോലെ.ധൈര്യമായി ഓതി.ഒമ്പതാമത്തെ വയസ്സില്‍ മൗലിദ്‌ കാണാ പാഠമായിരുന്നു.ഒരു സദസ്സില്‍ ഉപ്പാടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിവരണാതീതം.അതു പൊലെ തന്നെ ഉപ്പയുടെ സന്തോഷവും.അല്ലാഹു പരലോകം പ്രഭാ പുരിതമാക്കി കൊടുക്കട്ടെ.

നാലാം തരം മദ്രസ്സ കഴിഞ്ഞപ്പോള്‍ മുതല്‍ പള്ളി ദര്‍സില്‍ ചേര്‍ന്നു.ദര്‍‌സ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വരുമ്പോള്‍ നല്ല ഇരുട്ടായിരിക്കും.നാട്ടു വെളിച്ചം കൂടെ ഇല്ലെങ്കില്‍ പറയുകയും വേണ്ട.ചിരട്ടയില്‍ മെഴുകു തിരി തിരുകി കത്തിച്ച്‌ വീട്ടിലേയ്‌ക്ക്‌ പോരും.ഇടക്ക്‌ വെച്ച്‌ വിളക്കണയും.പിന്നെ തിരിമുറിഞ്ഞ്‌ ദിക്കറും ചൊല്ലി ഒരോട്ടം.വീടു വരെ.പപ്പക്കായയുടെ തണ്ടില്‍ മണ്ണെണ്ണ ഒഴിച്ച്‌ തിരി വെച്ച്‌ കത്തിച്ചും വിളക്കായി ഉപയോഗിക്കുമായിരുന്നു.

ബാല്യകാലോര്‍‌മ്മകളില്‍ അധികവും കെട്ടു പിണഞ്ഞു കിടക്കുന്നത്‌ കായലോരത്തും കടവത്തും തന്നെ.കാര്യമായ കളി കൂട്ടുകാരാരുമില്ലായിരുന്നു.അയല്‍‌വാസികളൊക്കെയും കൂട്ടുകാര്‍. കടവത്തെ ബാലേട്ടന്റെ മകന്‍ ശങ്കര നാരായണന്‍ സഹപാഠിയും സുഹൃത്തുമായിരുന്നു.ഒഴിവു സമയങ്ങളില്‍ ഒരുമിച്ച്‌ വല വീശിയതും വഞ്ചി കുത്തി കളിച്ചതും മറക്കാനേ കഴിയില്ല.ഹരം പകര്‍‌ന്ന നേരമ്പോക്കുകളിലെ കളിവഞ്ചികള്‍ ഇപ്പോഴും മനസ്സിന്റെ തീരത്ത്‌ തുഴഞ്ഞെത്താറുണ്ട്‌.

ചിങ്കാരുവിന്റെ ഒറ്റപ്പെട്ട വീടും ഏക്കര്‍ കണക്കിന്‌ പടര്‍ന്നു കിടക്കുന്ന പാണ്ടിപ്പാടവും കടവത്തെ പഴങ്കഥകള്‍ മുഴുവന്‍ നെഞ്ചേറ്റിയ കാലം.പാടവും കൃഷിയും നോക്കി നടത്തിയിരുന്നത്‌ ചിങ്കാരുവായിരുന്നു.പാണ്ടിപ്പാടത്തെ കൊയ്ത്തു കഴിഞ്ഞ് വെള്ളം വറ്റിയാല്‍ സുഹൃത്തുക്കളുമൊത്ത്‌ തപ്പാനിറങ്ങും.പോട്ടയും ചെമ്മീനും കരിമീനും ഒക്കെ കിട്ടും.കുറച്ചു മുതിര്‍‌ന്നപ്പോള്‍ വല വീശുന്നതിലും ചൂണ്ടയിടുന്നതിലുമായി കൂടുതല്‍ താല്‍പര്യം.കടവത്ത്‌ നിന്നും വഞ്ചിയില്‍ വലയെറിഞ്ഞ്‌ ചിറക്കല്‍ വരെ പോകും. കൂട്ടിന്‌ ആരെങ്കിലും ഉണ്ടായാല്‍ ചുള്ളിക്കാട്‌ വരെ വലയെറിഞ്ഞ്‌ പോകും.

നോമ്പിനും നോമ്പു പെരുന്നാളിനും മാസപ്പിറവി കാണാന്‍ ഉപ്പാടെ കൂടെ കടവത്തേയ്‌ക്ക്‌ പോകാറുണ്ട്‌.പിറ കണ്ടാല്‍ ആദ്യം ഉപ്പ ചൂണ്ടിക്കാണിച്ചു തരും.പിന്നീട്‌ കൂട്ട ബാങ്ക്‌ കൊടുക്കും.വിവിധ സ്ഥലങ്ങളില്‍ ആളുകളുണ്ടാകും.എല്ലാ ഭാഗത്തു നിന്നും ബാങ്കൊലി മുഴങ്ങും.ചെറിയ പെരുന്നാള്‍ എല്ലാം കൊണ്ടും സന്തോഷം തന്നെ വര്‍ഷത്തിലൊരിക്കല്‍ പുതു വസ്‌ത്രം ധരിക്കാന്‍ കിട്ടുന്ന അസുലഭാവസരം.നോമ്പു പെരുന്നാള്‍ കഴിഞ്ഞുടനെ തുണിയും കുപ്പായവും കഴുകി വൃത്തിയാക്കി വെയ്‌ക്കും.ഹജ്ജ്‌ പെരുന്നാളിന്‌ ഉപയോഗിക്കാന്‍.ഇനിയൊരു പുതു വസ്‌ത്രം കിട്ടാന്‍ അടുത്ത ചെറിയ പെരുന്നാള്‍ വരെ കാത്തിരിക്കണം.

നമ്മുടെ നാട്ടില്‍ പരസ്‌പരമുള്ള വീറും വാശിയും പുകഞ്ഞും അണഞ്ഞും നില്‍‌ക്കുമായിരുന്നു.ഒരിക്കല്‍ നാട്ടുകാരൊക്കെ ഒറ്റക്കെട്ടായ ഒരു സം‌ഭവം ഓര്‍ത്തെടുത്തു കുറിപ്പ്‌ അവസാനിപ്പിക്കാം.ജില്ലയിലെ തെക്കന്‍ പ്രദേശത്ത്‌ ഒരു മദ്രസ്സാ അധ്യാപകന്‍ അക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌ത സാഹചര്യം.ഒരു വെള്ളിയാഴ്‌ച ഇമാം സലാം വീട്ടിയ ഉടനെ ജേഷ്‌ഠ സഹോദരന്‍ ഇബ്രാഹീം എഴുന്നേറ്റു നിന്നുകൊണ്ട്‌ പറഞ്ഞു.നിസ്‌കാരം കഴിഞ്ഞ്‌ ആരും പോകരുത്.ഗൗരവമുള്ള ചില കാര്യങ്ങള്‍ സുചിപ്പിക്കാനുണ്ട്.സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ദൗര്‍‌ഭാഗ്യകരമായ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.ശാന്തവും സൗഹൃദപൂ‌ണ്ണവുമായ അവസ്ഥ നിലനിര്‍‌ത്തുന്നതില്‍ ജാഗ്രത കൈകൊള്ളാനും ഉള്ള സത്വര നടപടികള്‍ക്ക്‌ ആഹ്വാനം ചെയ്യപ്പെട്ടു.{അല്ലാഹു നമ്മുടെ പൂര്‍‌വ്വികരുടെ പരലോകം സ്വര്‍ഗീയമാക്കി കൊടുക്കട്ടെ}

ദീര്‍‌ഘകാലമായി പിണങ്ങി നിന്നിരുന്ന പലരും പരസ്‌പരം ആലിം‌ഗനം ചെയ്‌തതും സഹൃദം പുതുക്കിയതും ഹരിതാഭമായ ഓര്‍മ്മയാണ്‌.മലക്കം മറിച്ചിലുകളും പിടല പിണക്കങ്ങളും പിന്നീടും മുറ തെറ്റാതെ തുടര്‍‌ന്നു കൊണ്ടേയിരുന്നു.എങ്കിലും നമുക്ക്‌ പ്രതിക്ഷിക്കാം.ഒരു നല്ല നാളയെ.ഒരിക്കലും വാടാത്ത പൂ പോലെ.ആരും പറയാത്ത കഥ പോലെ.ഇതു വരെ കാണാത്ത സ്വപ്‌നം പോലെ.എന്നും എപ്പൊഴും മായാതെ മങ്ങാതെ നില്‍ക്കട്ടെ നമ്മുടെ സൗഹൃദങ്ങള്‍.

ആര്‍.കെ ഹമീദ്
സമാഹരണം:- മഞ്ഞിയില്‍

Wednesday, February 1, 2017

മായാത്ത സ്മരണകൾ

അവധികാലം എന്ന് കേൾക്കുമ്പോൾ ബാല്യകാലത്തെ എന്റെ ഉമ്മയുടെ ഗ്രാമം പെരിങ്ങാട്‌ തെളിഞ്ഞു വരും.ആ നാടും പരിസരവും മനസിലേക്ക് ഓടി എത്തും.ഉമ്മയുടെ വീട്ടിലേക്ക് പോകാം എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത കൊതിയൂറും. തെങ്ങുകളും മാവും പ്ലാവും മരങ്ങളും നിറഞ്ഞ പറമ്പിലൂടെ നടക്കാനും കളിച്ചുല്ലസിക്കാനും, മാങ്ങ പെറുക്കാനും പറിക്കാനും;അതിലുപരി സ്നേഹോഷ്‌മളമായ കുടുംബ പശ്ചാത്തലവും നന്മ നിറഞ്ഞ കൂട്ടും കൂട്ടുകാരും.

പല തരം കളികൾ ഞങ്ങൾ കളിക്കുമായിരിന്നു. മേടാസ്, കൊത്ത് കല്ല്, വള്ളികുത്ത്, വട്ടംകളി ഇതൊക്കെയാണ്‌ പ്രധാന ഇനങ്ങള്‍. കൊത്തം കളികളുടെ തുടക്കം വൈകുന്നേരമാണ്.ഇതെല്ലാം ഇന്നും ഓര്‍‌മ്മയില്‍ മങ്ങാതെ  കിടക്കുന്നു. ആ കളികളിൽ എല്ലാവരും പങ്ക് കൊള്ളും.കുട്ടികളുടെ കളികളെല്ലാം മുതിർന്നവരും നോക്കി നിൽക്കും.

കൊത്തന്‍ കല്ലുകളി. പെണ്‍കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും ഒരു വിനോദമാണിത്.ഉരുണ്ട ചെറുകല്ലുകളാണ് ഈ കളിയുടെ കരുക്കള്‍. കരുക്കളുടെ എണ്ണത്തിനനുസരിച്ച് നാലു കല്ലുകളി, അഞ്ചുകല്ലുകളി, ഏഴു പൂട്ടുകളി, പന്ത്രണ്ടു പൂട്ടുകളി എന്നിങ്ങനെയാണ് കളിയുടെ പേര്. ഈര്‍ക്കില്‍ കളി (നൂറാംകോല്‍). ഉദ്ദേശം ഒരു ചാണ്‍ നീളമുള്ള നിശ്ചിത എണ്ണം ഈര്‍ക്കില്‍ ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. അവയെല്ലാം ഒന്നിച്ചെടുത്ത് നിലത്തിടുന്നു. അവയെ അകലെ തെറിച്ച ഒരു ഈര്‍ക്കിലെടുത്ത്, മേല്‍ക്കുമേല്‍ വീണ് കിടക്കുന്ന ഈര്‍ക്കിലുകള്‍ ഓരോന്നായി മറ്റുള്ളവ ചലിക്കാതെ നീക്കുകയാണ് വേണ്ടത്. ഒളിച്ചു കളി. കുട്ടികളുടെ ഒരു വിനോദമാണിത്. കളിക്കാനുള്ള കുട്ടികള്‍ രണ്ട് വിഭാഗമായി തിരിഞ്ഞ്, ഒരു വിഭാഗം ഇരുട്ടുള്ള സ്ഥലത്തോ, വാതിലിനടിയിലോ, മച്ചിന്‍പുറത്തോ, മരമുകളിലോ ഒളിച്ചിരിക്കും. മറുവിഭാഗം ഇവരെ കണ്ടുപിടിക്കുന്നതാണ് കളി. കണ്ണാമ്പൊത്ത് കളി. ഒരുതരം ഒളിച്ചുകളിതന്നെയാണിത്. ഒരു കുട്ടി കണ്ണ് കെട്ടി ഒരിടത്തു നില്ക്കും. മറ്റുള്ളവര്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കും. കണ്ണ് കെട്ടിയ കുട്ടി മറ്റുള്ളവരുടെ ശബ്ദം കേട്ട് അവരെ കണ്ടുപിടിക്കുന്ന കളിയാണിത്.

തിരുനെല്ലൂര്‍ സ്‌കൂള്‍ പരിസരം കുട്ടികളുടെ ഓട്ടവും ചാട്ടവും ബഹളമയം തന്നെ.വിശിഷ്യാ അവധിക്കാലങ്ങളില്‍ പറയുകയും വേണ്ട.പന്തുകളി. ആണ്‍കുട്ടികളുടെ ഒരു വിനോദമാണിത്. ഓലപ്പന്തുകളി, തലപ്പന്തുകളി ,കോട്ടിക്കളി എന്നിങ്ങനെ. കോട്ടി (ഗോട്ടി, ഗോലി) ഉപയോഗിച്ചുള്ള ഒരു വിനോദം. ഉദ്ദേശ്യം ഓരോ മീറ്റര്‍ ഇടവിട്ട് തുല്യ അകലത്തില്‍ മൂന്ന് ചെറിയ കുഴികള്‍ കുഴിക്കുന്നു. ആദ്യ കുഴിയില്‍ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒന്‍പതു പ്രാവശ്യം കോട്ടി കുഴിയില്‍ വീഴ്ത്തണം. വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോള്‍, മറ്റുള്ളവരുടെ കോട്ടികള്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്.

തെങ്ങുകയറ്റം കഴിഞ്ഞ്‌ ഓലവെട്ടു കഴിഞ്ഞാല്‍ പ്രഥമമായി തന്നെ ഇത്‌ മൂന്നു ഭാഗമാക്കി വെട്ടി മാറ്റപ്പെടും.മടല്‍ ഒരിടത്തും ഓല മറ്റൊരിടത്തും തുമ്പോല വേറെയും.ഉണ്ണിപ്പുരയുടെ നിര്‍‌മ്മാണ സാമഗ്രികളില്‍ ഏറെ വിലപ്പെട്ടതും ഇതൊക്കെ തന്നെ.

ഉണ്ണിപ്പുരയും ഉണ്ണിച്ചോറും കൗമാരക്കാരുടെ ഏറെ താല്‍പര്യമുള്ള കളിയാണ്‌.കൗമാരം വിട്ടവരും ചിലപ്പോള്‍ ഈ കളിയുടെ ലഹരിയില്‍ കൂടിയെന്നും വരും.ചോറിനു പകരം മണ്ണ്‌ ഉപയോഗിക്കുമെങ്കിലും വിശേഷപെട്ട ആഹാരത്തിന്റെ പ്രതീകമായി തുമ്പപ്പൂ സ്ഥാനം പിടിക്കും.വെട്ടി നുറുക്കിയ അമ്പഴങ്ങയുടെ ഇലയും  കണ്ണി മാങ്ങയും കറിയായും സുപ്രയില്‍ ഒരുക്കും.ഉമ്മ വിളമ്പും.ആദ്യം ഉപ്പാക്ക്‌ ഒപ്പം മക്കള്‍‌ക്കും ഉമ്മ സത്കരിച്ചിരിക്കും.നീയെന്തേ കഴിക്കാത്തതെന്നു കുടും‌ബ നാഥന്റെ ചോദ്യം.ഈ കുട്ടിയെ കുളിപ്പിച്ച്‌ ഉറക്കിയിട്ടു മതി എനിക്കെന്ന്‌ ഉമ്മയുടെ പ്രതികരണം.ചിരിയടക്കാനാകാത്ത ഉണ്ണിക്കുറുമ്പന്മാരും കൂട്ടത്തില്‍ ഉണ്ടാകും.ഏകദേശം ഒരു മുഴം വലിപ്പത്തിലുള്ള മടല്‍ കഷ്‌ണം ഉമ്മാടെ വേഷത്തിലുള്ളവളുടെ കയ്യിലുണ്ടാകും.കുട്ടിയെ പരിചരിക്കുന്നതും പരിപാലിക്കുന്നതും നോക്കി താത്തമാര്‍ അടക്കം പറഞ്ഞു ചിരിക്കും.

വെറ്റിലടക്ക മുറുക്കുന്ന ഉമ്മൂമമാരെപ്പോലെ കുട്ടികള്‍ മുറുക്കാന്‍ ചെല്ലം ഉണ്ടാക്കി പരസ്‌പരം ക്ഷണിക്കും.കൊങ്ങിണി ഇലയെ വെറ്റിലക്ക്‌ പകരം വെയ്‌ക്കും.അടയ്‌ക്കയായി തെങ്ങിന്റെ ഇളം വേരും.കുട്ടികള്‍ മുതിര്‍‌ന്നവരെ വായിച്ചെടുക്കുന്ന രീതി അവരുടെ കളികളിലൂടെ നമുക്ക്‌ നിരീക്ഷിക്കാനാകും.

ഉണ്ണിപ്പുരയുടെ ഭാഗമായി ചിലപ്പോള്‍ ഒരു ഭാവനാ ഗ്രാമം പോലും നിര്‍മ്മിച്ചെന്നു വരും.പലചരക്കു കച്ചവടം,മത്സ്യക്കച്ചവടം,മരുന്നും വൈദ്യരും ഒക്കെ ഈ ഗ്രാമത്തെ സമ്പന്നമാക്കും.

മഴക്കാല വിശേഷങ്ങള്‍‌ക്ക്‌ തികച്ചും വേറിട്ട രൂപ ഭാവങ്ങളാണ്‌.പുള്ളിക്കുട ചൂടി മുറ്റത്തിറങ്ങുക.തൊടിയില്‍ നിന്നൊഴുകുന്ന വെള്ളത്തിലൂടെ മുറിച്ചു നീങ്ങുക.ഇറയത്തെ ചാലിലൂടെ കടലാസ്‌ വഞ്ചികള്‍ ഒഴുക്കുക തുടങ്ങിയ കുസൃതികളും വികൃതികളും പറഞ്ഞാലും തീരില്ല.  സ്‌കൂള്‍ മുറ്റത്ത്‌ വന്നു നിന്നാല്‍ അരക്കൊപ്പം വെള്ളത്തില്‍ ഇക്കരെയ്‌ക്ക്‌ വരുന്നവരും അക്കരെയ്‌ക്ക്‌ പോകുന്നവരേയും കാണാം.അപൂര്‍‌വ്വം ചിലപ്പോള്‍ കടത്തു തോണികളും പ്രത്യക്ഷപ്പെടും.രണ്ട് കരകൾ കവിഞ്ഞ് നിറയുന്ന ഓര്‍‌മ്മകളില്‍ അഹ്‌ളാദം ഇന്നും കരകവിയുകയാണ്‌.പറഞ്ഞാലും മതിവരാത്ത ഓര്‍‌മ്മകളുടെ ഹരിത താഴ്‌വാരം.

ഇന്നൊക്കെ കുട്ടികള്‍ ഡിവൈസുകളില്‍ മുഖം കുത്തിയിരിക്കുന്നതു പോലെയല്ലായിരുന്നു പഴയ കാലം.ഓലപ്പന്തും,ഓലപ്പീപ്പിയും,പമ്പരവും ഓര്‍മ്മച്ചെപ്പിലെ ഉറച്ച പ്രതീകങ്ങളാണ്‌.പഴയ ചെരിപ്പ്‌ വെട്ടിയുണ്ടാക്കി ചക്രങ്ങളുണ്ടാക്കി മുളം തണ്ടില്‍ കമ്പി കയറ്റി കളിവണ്ടിയുണ്ടാക്കുന്നതില്‍ കുറുമ്പന്മാരുടെ വിദ്യകള്‍ രസകരം തന്നെ.കളിക്കൊരുങ്ങും മുമ്പ്‌ കളിക്കോപ്പ്‌ നിര്‍‌മ്മിക്കാനൊരുങ്ങും.അഥവാ കളിയിലാണെങ്കിലും ഒരു ക്രിയാത്മകതയുണ്ടെന്നര്‍ഥം.

സ്‌കൂള്‍ പറമ്പും കായല്‍ കരയും കുട്ടികളുടെ കളിയരങ്ങായിരുന്നതു പോലെ പടഞ്ഞാറെ കരയില്‍ മഞ്ഞിയില്‍ പറമ്പ്‌ പ്രസിദ്ധം.വളര്‍ന്നു പന്തലിച്ചു നില്‍‌ക്കുന്ന വലിയ ഒരു മാവുള്ള പറമ്പ്‌.കളികള്‍‌ക്ക്‌ കേളികേട്ട ഇടങ്ങളിലൊന്നായിരുന്നു.പെരുന്നാളുകളായാല്‍ മഞ്ഞിയില്‍ മുറ്റത്തെ കയ്യാലയില്‍ ഒപ്പനയും കൈകൊട്ടികളിയും ഉണ്ടാകും.ഉച്ച ഭക്ഷണത്തിനു ശേഷം കിഴക്കേകരയിലുള്ള പെണ്‍‌കുട്ടികളും പാട വരമ്പിലൂടെ വരിവരിയായി പോകുന്നതു കണാം.

സ്‌നേഹ നിധികളായ വല്യുപ്പമാരും വല്യുമ്മമാരും അവരുടെ സ്‌നേഹ വാത്സല്യങ്ങളും,മാമമാരുടെ തല്ലും തലോടലും,മുതിര്‍‌ന്നവരുടെ സ്‌നേഹോഷ്‌മളമായ ശാസനകളും ശിക്ഷണങ്ങളും എല്ലാം മനസ്സിന്റെ നടുമുറ്റത്തെ തളത്തില്‍ ഇന്നും  പ്രതിഫലിച്ചും പ്രതിധ്വനിച്ചും കൊണ്ടിരിക്കുന്നു.എല്ലാ നല്ല ഓര്‍‌മ്മകളേയും ഹരിതാഭമായ ഒരു കാലത്തിനു സമര്‍പ്പിച്ചു കൊണ്ട്‌.

ഷറി ഇഖ്‌ബാല്‍

പുതിയ പുരയില്‍ അബ്‌ദു സാഹിബിന്റെ പേര മകളാണ്‌ ഷറിന്‍ ഇഖ്‌ബാല്‍.പതിനഞ്ചു വര്‍ഷമായി നല്ലപാതിയുമൊത്ത്‌ ദോഹയില്‍  താമസിക്കുന്നു.ഭര്‍‌ത്താവ്‌ തളിക്കുളം സ്വദേശിയായ മുഹമ്മദ്‌ ഇഖ്‌ബാല്‍.ദോഹയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്‌.ഷറിന്‍ ഇഖ്‌ബാല്‍ 6 വര്‍ഷമായി  ദോഹ ഹമദ്‌ ആശുപത്രിയിലെ ഹൃദ്രോഗ പ്രത്യേക പരിചരണ വിഭാഗത്തില്‍ സെക്രട്ടറിയായി ജോലി ചെയ്യുന്നു.നല്ല വരക്കാരിയും വായനക്കാരിയും അതിലുപരി അര്‍‌പ്പണബോധത്തോടെ ഉത്തരവാദിത്ത നിര്‍‌വഹണത്തില്‍ സജീവയുമാണ്‌.2016/17ലെ മികച്ച സേവനത്തിനുള്ള ഹമദ്‌ ആശുപത്രി ഹൃദ്രോഗ പ്രത്യേക പരിചരണ വിഭാഗത്തിന്റെ അം‌ഗീകാരത്തിനും പുരസ്‌കാരത്തിനും ഷറീന അര്‍‌ഹയായിട്ടുണ്ട്‌.ഗ്രാമീണതകളെ മനസ്സില്‍ താലോലിക്കുന്ന ഈ സഹൃദയ കുടും‌ബത്തിന്‌  മൂന്നു മക്കളുണ്ട്‌. ബി.ഡി.എസിന്‌ പഠിക്കുന്ന മകള്‍ ഫാത്തിമാ ഇഖ്‌ബാല്‍,സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ്‌ ഇസ്‌മാഈല്‍ ഇഖ്‌ബാല്‍,ആദം ഇഖ്‌ബാല്‍.